വായിൽ കുടുങ്ങിയ എല്ലെടുത്ത് ജീവൻ രക്ഷിച്ച നസീറയെ കാണാൻ തെരുവുനായ വീണ്ടും എത്തി
തിങ്കളാഴ്ച കൽപറ്റയിൽ പോയി തിരിച്ചുവരവെ നായ് നസീറയുടെ മുന്നിലേക്ക് വീണ്ടും ഓടിവന്നു
കൽപറ്റ: തൊഴിലുറപ്പ് തൊഴിലാളിയായ വയനാട് പിണങ്ങോട് ലക്ഷംവീട് കോളനിയിലെ ഒടുങ്ങാട് നസീറയുടെ അനൽപമായ ജീവകാരുണ്യത്തിന്റെ കഥയാണിത്. ഒപ്പം തൻ്റെ ജീവൻ രക്ഷിച്ച വീട്ടമ്മയെ സ്നേഹംകൊണ്ട് പൊതിയുന്ന നായുടെയും. ശനിയാഴ്ച വീട്ടിലെ ജോലിക്കിടയിലാണ് നസീറ വല്ലാത്തൊരു ശബ്ദം കേട്ടത്. പുറത്തിറങ്ങി നോക്കിയപ്പോൾ മെലിഞ്ഞ തെരുവുനായ് ദയനീയ ശബ്ദമുണ്ടാക്കി പടികൾ കയറുന്നു. ഇടക്കിടെ മുഖം താഴെ ഉരക്കുന്നു. വേദനകൊണ്ട് തുറന്നുവെച്ച വായ അടക്കാൻപോലും അതിനാകുന്നില്ല. വായിൽ കുടുങ്ങിയ എല്ലിൻകഷണം ഏറെനേരത്തെ പ്രയത്നത്തിനൊടുവിൽ നസീറ കമ്പുകൊണ്ട് പുറത്തെടുത്തു.
കഠിന വേദന ഒഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു നായുടെ മുഖത്ത്. പിന്നീടത് എങ്ങോ ഓടിമറഞ്ഞു. തിങ്കളാഴ്ച കൽപറ്റയിൽ പോയി തിരിച്ചുവരവെ നായ് നസീറയുടെ മുന്നിലേക്ക് വീണ്ടും ഓടിവന്നു. വാലാട്ടി, മുട്ടുകുത്തി നിന്നു. ഭക്ഷണം കൊടുത്തപ്പോൾ ആർത്തിയോടെ കഴിച്ചു. കണ്ടുനിന്ന നസീറയുടെ മുഖത്തും ചാരിതാർഥ്യം.

