വിലക്കുകൾക്ക് പുല്ലുവിലകൽപ്പിച്ച് നാടെങ്ങും ക്രിസ്മസ് കരോൾ സംഘങ്ങൾ
ക്രിസ്‌മസ് അപ്പൂപ്പന്റെ വേഷമണിഞ്ഞ് പുൽക്കൂടും അലങ്കാര ബൾബുകളും ഒരുക്കി
കൊയിലാണ്ടി: ക്രിസ്‌മസ് ആഘോഷങ്ങളിൽ പങ്കാളികളാ വുന്നതിനെതിരെയുള്ള പരിവാർ സംഘടനകളുടെ ഭീഷണി വകവയ്ക്കാതെ നാടും നഗരവും ക്രിസ്‌മസ് ആഘോഷ പൊലിമയിൽ. ക്രിസ്തുമത വിശ്വാസികളായ ഒരാൾ പോലും ഇല്ലാത്ത ഇടങ്ങളിൽ വർണ്ണശബളമായ ക്രിസ്മസ് കരോളും ആഘോഷ പരിപാടികളും നടന്നു. കൊയിലാണ്ടി ഉള്ളിയേരി നടുവണ്ണൂർ മേപ്പയ്യൂർ പേരാമ്പ്ര ബാലുശ്ശേരി മേഖലകളിൽ എല്ലാം ക്രിസ്മസ് കരളുകൾ നടന്നു. പരീക്ഷയുടെ ടെൻഷനും ഭാരവുമെല്ലാം കഴിഞ്ഞ സന്തോഷത്തിന് തൊട്ടുപിന്നാലെ ക്രിസ്‌മസ് രാവ് കൂടി വന്നതോടെ കുട്ടികളെല്ലാം പതിവുപോലെ ഇത്തവണത്തെയും ക്രിസ്മസ് ആഘോഷമാക്കുകയായിരുന്നു.
ഇന്നലെ സന്ധ്യയോടെ തന്നെ ക്രിസ്‌മസ് അപ്പൂപ്പന്റെ വേഷവുമണിഞ്ഞ് പുൽക്കൂടും അതിൽ അലങ്കാര ബൾബുകളുമൊക്കെ ഒരുക്കി കരോൾ സംഘങ്ങൾ നാടിൻറെ വിവിധ ഭാഗങ്ങളിൽ കാണാമായിരുന്നു വീട്ടുകാർ കരോൾ സംഘങ്ങളെ സ്നേഹത്തോടെ എതിരേറ്റു. സമ്മാനങ്ങൾ നൽകി. അവർക്കൊപ്പം ആടിയും പാടിയും ക്രിസ്‌മസിനെ എതിരേറ്റു. നക്ഷത്രങ്ങൾ തൂക്കിയും വീട്ടിൽ കൊച്ചു പുൽക്കൂടുകൾ ഒരുക്കിയും നിരവധി ആളുകളാണ് ആഘോഷത്തിന്റെ ഭാഗമായത്. യാഥാസ്ഥിക വിഭാഗക്കാരായ ചിലർ നേരത്തെ തന്നെ ക്രിസ്മസ് കേക്ക് മുറിക്കുന്നതിനും കരോൾ നടത്തുന്നതിനും എതിരായി വിലക്കുകൾ ഉയർത്തിയിരുന്നു എന്നാൽ അന്നത്തെപ്പോലെ ഈ വർഷവും അതിനെയെല്ലാം പുല്ലുവില കൽപ്പിച്ചാണ് ആഘോഷസംഘങ്ങൾ അണിനിരന്നത്.

