മകര വിളക്ക് പ്രമാണിച്ച് ശബരിമല നട ഇന്ന് തുറക്കും
സന്നിധാനത്ത് ശുചീകരണമടക്കമുള്ളവ പൂര്‍ത്തിയാക്കി
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ചൊവാഴ്ച ശബരിമല നട തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറക്കും. മേല്‍ശാന്തി സന്നിധാനത്തെ ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷം ഭക്തര്‍ക്കു പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താം. നട തുറക്കുമ്പോള്‍ യോഗദണ്ഡും രുദ്രാക്ഷ മാലയുമണിഞ്ഞ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ കണ്ട് തൊഴാം.
ഇന്ന് പൂജകളില്ല. രാത്രി 11നു ഹരിവരാസനം പാടി നട അടയ്ക്കും. മൂന്ന് ദിവസങ്ങളിലായി സന്നിധാനത്ത് ശുചീകരണമടക്കമുള്ളവ പൂര്‍ത്തിയാക്കി.ചൊവ്വാഴ്ച വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം 30,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ നെയ്യഭിഷേകവും പതിവു പൂജകളും തുടരും. ജനുവരി 14നാണ് മകര വിളക്ക്.

