മട്ടന്നൂരിന്റെ സാന്നിധ്യത്തിൽ ചെണ്ടയിൽ കൊട്ടിക്കയറി ടീം നടുവണ്ണൂർ ജിഎച്ച്എസ്എസ്
മഴവിൽ കലാ കൂട്ടായ്മയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
നടുവണ്ണൂർ : 15 വർഷമായി നടുവണ്ണൂർ സർക്കാർ വിദ്യാലയത്തിന്റെ കലാരംഗത്ത് പ്രവർത്തിക്കുന്ന മഴവിൽ കലാ കൂട്ടായ്മയുടെ വാർഷിക ഉദ്ഘാടനവും പരിശീലനം സിദ്ധിച്ച ചെണ്ട വാദന കലാകാരന്മാരുടെ അരങ്ങേറ്റ സമർപ്പണവും സ്കൂൾ അങ്കണത്തിൽ നടന്നു.വാദ്യ കുലപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ 5 വയസ്സുകാരൻ മുതൽ 50 വയസ്സുകാർ വരെയുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉണ്ണിയാശാൻറെ താളത്തിനൊത്ത് കൊട്ടിക്കയറുകയറി .പഞ്ചാരിമേളത്തിലെ മൂന്നാം കാലവും നാലാം കാലവും കൊണ്ട് കാണികളെ വിസ്മയിപ്പിച്ച മഴവിൽവേണം രണ്ട് മണിക്കൂർ നീണ്ടിട്ടും കാണികൾ നിർനിമേശരായി നോക്കി നിന്നു. നൂറ്റാണ്ടിൻറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ സ്കൂൾ അങ്കണം മറ്റൊരു വിദ്യാലയത്തിലും നടക്കാത്ത വേറിട്ട പരിപാടിക്ക് വേദിയായപ്പോൾ അത് സ്കൂൾ കലാ ചരിത്രത്തിലെ മറ്റൊരു ഏടായി മാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇ കെ ശ്യാമിനി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ റീമ കുന്നുമ്മൽ മട്ടന്നൂരിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സുജ, പി ടി എ പ്രസിഡണ്ട് സത്യൻ കുളയാപ്പൊയിൽ, എസ് എം സി ചെയർമാൻ ഈ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു കുട്ടിക്കണ്ടി, ലീല ഭഗവതി കണ്ടി മുൻ പ്രധാനാധ്യാപകൻ മൂസക്കോയ നടുവണ്ണൂർ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷീന പി. സ്റ്റാഫ് സെക്രട്ടറി പി കെ സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരും രാഷ്ട്രീയ പ്രതിനിധികളും മുൻ ഹെഡ്മാസ്റ്റർ ബാലചന്ദ്രൻ പാറചോട്ടിലും ചടങ്ങിലെ വിശിഷ്ട സാന്നിധ്യങ്ങൾ ആയി. ചെണ്ട പരിശീലകൻ ഉണ്ണിയാശാനേയും നിധിൻ ആശാനേയും മട്ടന്നൂർ പൊന്നാടയണിയിച്ച് ഉപഹാരം കൊടുത്ത് ആദരിച്ചു.പി കെ ഉണ്ണികൃഷ്ണൻ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു

