headerlogo
cultural

കലാ കായിക സാംസ്കാരിക പൊതു ഇടങ്ങൾ ശക്തിപ്പെടണം: കെ.എം. സച്ചിൻദേവ് എം.എൽ.എ

എം.ജി. സ്മൃതി പുരസ്‌കാരം ഇ. അച്യുതൻ മാസ്റ്റർക്ക് സമ്മാനിച്ചു

 കലാ കായിക സാംസ്കാരിക പൊതു ഇടങ്ങൾ ശക്തിപ്പെടണം: കെ.എം. സച്ചിൻദേവ് എം.എൽ.എ
avatar image

NDR News

26 Jan 2026 04:41 PM

നടുവണ്ണൂർ: പ്രാദേശിക കലാ കായിക സാംസ്കാരിക സമിതികളും പ്രതിഭകളും പൊതു ഇടങ്ങൾ ശക്തിപ്പെടുത്തുക വഴി കേരളത്തിന്റെ സാമൂഹ്യാരോഗ്യം സൂക്ഷിച്ചു പോന്നിട്ടുണ്ടെന്നും അതിന് കൂടുതൽ ഊർജ്ജം പകരേണ്ട കാലമാണി തെന്നും അഡ്വ. കെ. എം. സച്ചിൻ ദേവ് എം.എൽ.എ. അഭിപ്രായപ്പെട്ടു. നടുവണ്ണൂരിന്റെ നാടകഗുരു എം.ജി. എന്ന മാക്കാരി ഗോപാലൻ മാസ്റ്റർ, വോളിബോൾ ഇതിഹാസം ഇ. അച്യുതൻ മാസ്റ്റർ പോലുള്ള മഹാപ്രതിഭകൾ തുടങ്ങിവച്ച ഇത്തരം സംരംഭങ്ങൾക്ക് പുതുതലമുറ തുടർച്ച നൽകണമെന്നും അദ്ദേഹം പറഞ്ഞു. നടുവണ്ണൂർ എ.എസ്.കെ.എസ്. ഹാളിൽ എം.ജി. അനുസ്മരണ സമിതി സംഘടിപ്പിച്ച, പന്ത്രണ്ടാം എം.ജി. ചരമവാർഷിക ദിനാചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    ചടങ്ങിൽ എം.ജി. സ്മൃതി പുരസ്‌കാരം പ്രമുഖ വോളിബോൾ പരിശീലകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ഇ. അച്യുതൻ മാസ്റ്റർക്ക് എം.എൽ.എ. സമ്മാനിച്ചു. 'ഓർമ്മകളിൽ ഇപ്രകാരം എം.ജി. മാഷ്' എന്ന പരിപാടി,  ഇത്തവണ 'കളിക്കളത്തിലെ എം.ജി.' എന്ന ആശയത്തിലൂന്നിയായിരുന്നു. നാടകത്തോടൊപ്പം വോളിബോൾ കളിക്കാരനും കമന്റേറ്ററുമായിരുന്ന എം.ജി. യുടെ സഹ കളിക്കാരനായിരുന്ന അച്യുതൻ മാസ്റ്റർ സ്മരണകൾ പങ്കുവച്ചു. എം.ജി. അനുസ്മരണ സമിതി ചെയർമാൻ എൻ. ആലിയുടെ അധ്യക്ഷതയിൽ ഡോ. ടി.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ടി.പി. ദാമോദരൻ, വാർഡ് മെമ്പർ ലീല ഭഗവതി കണ്ടി, വോളിബോൾ കോച്ച് എം.കെ. പരീദ്, നാടക ചലച്ചിത്ര നടൻ മുഹമ്മദ്‌ പേരാമ്പ്ര, ഉഷാ നരേന്ദ്രൻ, കെ.കെ. മൊയ്തീൻ കോയ പ്രസംഗിച്ചു. നടുവണ്ണൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക്, എം.ജി. സ്മരണയിൽ മാക്കാരി കുടുംബത്തിന്റെ സഹായധനം കൈമാറി. ഈയിടെ അന്തരിച്ച നാടകപ്രവർത്തകർ കെ. ഐ. വിഷ്ണു നമ്പൂതിരി മാഷ്ക്കും മക്കാട്ട് ഗംഗാധരനും കെ.വി. വിജേഷിനും ആദരാഞ്ജലികൾ അർപ്പിച്ചു. എം.ജി. അനുസ്മരണ സമിതി പ്രോഗ്രാം കമ്മറ്റി കൺവീനർ സി. മുഹമ്മദ്‌ സ്വാഗതവും ചെയർമാൻ ടി.സി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. സർഗ്ഗവേളയിൽ സുമ, ഇബ്രാഹിം, പ്രസന്ന എം.ജി., സുരേഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

 

NDR News
26 Jan 2026 04:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents