ആവള തറമ്മൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠക്ക് ഭക്തി നിർഭരമായ തുടക്കം
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുന്നം കുളങ്ങര ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു
ആവള: തറമ്മൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ആറ് ദിവസം നീണ്ടുനിൽക്കുന്ന പഞ്ചലോഹ വിഗ്രഹ പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുന്നം കുളങ്ങര ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മറ്റ് തന്ത്രി മുഖ്യന്മാരുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ആവള കോരൻകുളങ്ങര പരദേവതാ ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയേന്തിയ അമ്മമാരുടെയും അകമ്പടിയോടെ നടന്ന ഭക്തി നിർഭരമായ വിഗ്രഹ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
തുടർന്ന് വിശേഷാൽ പൂജകൾ, ബിംബ ശുദ്ധി, കലശ പൂജ, കലശാഭിഷേകം, സ്ഥല ശുദ്ധി, പ്രായശ്ചിത്ത ഹോമം, വാസ്തു പുണ്യാഹം, സുദർശന ഹോമം തുടങ്ങിയവ നടന്നു. 29 ന് രാവിലെ 10 മണിക്കാണ് പ്രാണ പ്രതിഷ്ഠ. 27, 28 തിയ്യതികളിൽ ക്ഷേത്രം മാതൃ സമിതിയും പ്രാദേശിക കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും 29ന് രാത്രി 8 മണിക്ക് ഗാനമേളയും നടക്കും. എല്ലാ ദിവസവും അന്നദാനം ഏർപ്പെടുത്തിയിട്ടുണ്ട്.

