ആവള തറമൽ അയ്യപ്പക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ പരിപാടികൾ സമാപിച്ചു
ക്ഷേത്രം തന്ത്രി കുന്നംകുളങ്ങര ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു
ആവള: തറമൽ അയ്യപ്പക്ഷേത്രത്തിൽ കഴിഞ്ഞ 6 ദിവസങ്ങളിലായി നടന്നുവന്ന അയ്യപ്പ പഞ്ചലോഹ വിഗ്രഹ പുനഃപ്രതിഷ്ഠ മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി കുന്നംകുളങ്ങര ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മറ്റു തന്ത്രിമുഖ്യന്മാരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഇതോടൊന്നിച്ച് ഗണപതി വിഗ്രഹ പ്രതിഷ്ഠയും നടന്നു. വിഗ്രഹ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
അദ്ധ്യാത്മിക പ്രഭാഷണം, ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരക്കളി, ശ്രീ രുദ്ര കൈകൊട്ടി കളിസംഘം അവതരിപ്പിച്ച കൈകൊട്ടികളി, പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവ നടന്നു. ദിവസവും പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരുന്നു. ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ, മാതൃസമിതി ഭാരവാഹികൾ, ആഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

