ഭയം അരങ്ങു വാഴുന്ന കാലത്ത് പുസ്തകങ്ങൾ കവചമാവണം: കെ.ഇ.എൻ
ജനാധിപത്യത്തിൻ്റെ ലേബലിൽ വരുന്ന ഏകാധിപത്യമാണ് വർത്തമാനകാല യാഥാർത്ഥ്യം
പേരാമ്പ്ര: ജീവിതത്തിൻ്റെ സർവ മേഖലകളെയും ഭയം ഗ്രസിച്ചിരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ പുസ്തകങ്ങളും സർഗാത്മകതയും കൊണ്ട് പ്രതിരോധ കവചം തീർക്കണമെന്ന് പ്രശസ്ത എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ കെ.ഇ.എൻ അഭിപ്രായപ്പെട്ടു. അധികാരം എപ്പോഴും വിധേയത്വമാണ് അതിൻ്റെ പ്രജകളോട് ആവശ്യപ്പെടുക. ജനാധിപത്യത്തിൻ്റെ ലേബലിൽ വരുന്ന ഏകാധിപത്യമാണ് വർത്തമാനകാലയാഥാർത്ഥ്യം. ഏറെ വിനാശകരമാണത് - അദ്ദേഹം തുടർന്നു പറഞ്ഞു.
പേരാമ്പ്ര ഡിഗ്നിറ്റി കോളജ് അസി.പ്രൊഫസർ എം.പി. കെ. അഹമ്മദ് കുട്ടിയുടെ 'സാഹിത്യവും സത്യാനന്തരകാലവും' എന്ന പുസ്തകം കോളജ് ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തകം ഏറ്റുവാങ്ങി. വിമീഷ് മണിയൂർ പുസ്തകം പരിചയപ്പെടുത്തി. അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ഡിഗ്നിറ്റി കോളജ് പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദ് അസ്ലം, ഡോ. കെ.എം. നസീർ, ഡോ. പി.സോമനാഥൻ, ഡോ. പി.ടി. അബ്ദുൽ അസീസ്, ഡോ. യൂസഫ് പേരാമ്പ്ര, ഡോ. അബ്ദുള്ള പാലേരി, എ.കെ. അബ്ദുൽ അസീസ് എന്നിവർ ആശംസ നേർന്നു. ടി.കെ. നൗഷാദ് സ്വാഗതവും ചിത്ര രാജൻ നന്ദിയും പറഞ്ഞു.

