headerlogo
cultural

പിഷാരികാവ് ക്ഷേത്രത്തിലെ മഹോത്സവം ഏപ്രിൽ രണ്ട്, മൂന്ന് തിയ്യതികളിൽ നടക്കും

പ്രശ്നം വെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്

 പിഷാരികാവ് ക്ഷേത്രത്തിലെ മഹോത്സവം ഏപ്രിൽ രണ്ട്, മൂന്ന് തിയ്യതികളിൽ നടക്കും
avatar image

NDR News

23 Feb 2026 08:22 AM

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ മഹോത്സവം ഏപ്രിൽ രണ്ട്, മൂന്ന് തിയ്യതികളിൽ നടക്കും. രാത്രി എട്ടുമണിയോടെയാണ് ഉത്സവതിയ്യതി പ്രഖ്യാപിച്ചത്. 27 ന് കൊടിയേറും. രാവിലെ പത്തു മണിയോടെയാണ് കാളിയാട്ടം കുറിച്ചത്. പ്രഭാത പൂജ കഴിഞ്ഞശേഷം കാരണവർ തറയിലായിരുന്നു ചടങ്ങ്. പൊറ്റമ്മൽ നമ്പീശനായ പൊറ്റമ്മൽ ഉണ്ണി ക്കൃഷ്‌ണൻ നമ്പീശന്റെ കാർമ്മികത്വത്തിൽ ഊരാളന്മാരുടെ സാന്നിദ്ധ്യത്തിൽ കോട്ടൂർ ശശികുമാർ നമ്പീശൻ പ്രശ്നം വെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. എക്സസിക്യുട്ടീവ് ഓഫീസർമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിന് സാക്ഷിയായി. അത്താഴ പൂജയ്ക്കുശേഷം ആചാരപ്രകാരം ഷാരടി കുടുംബാംഗം കാളിയാട്ട മുഹൂർത്തം ഉച്ചത്തിൽ വിളിച്ചറിയിച്ചു. കാളിയാട്ടം കുറിക്കൽ ചടങ്ങിന് പിന്നാലെ ക്ഷേത്രത്തിൽ നിന്ന് മാറിനിന്ന മേൽശാന്തി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന തോടെയാണ് കൊടിയേറ്റ ദിനം ചടങ്ങുകൾ തുടങ്ങുക. മേൽശാന്തി പ്രവേശിച്ചതിനുശേഷം പുണ്യാഹം തളിക്കും, തുടർന്ന് കൊടിയേറ്റം. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തിൽ നിന്നുള്ള ആദ്യ അവകാശവരവ് എത്തുന്നതോടെ ഉത്സവ ആഘോഷങ്ങൾ തുടങ്ങുകയായി.

     കാളിയാട്ട ദിവസം സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളിക്കും. പാലച്ചുവട്ടിൽ നടക്കുന്ന മേളത്തിനുശേഷം കിഴക്കെ നടയിലൂടെ ഭഗവതി ഊര് ചുറ്റി തെയ്യമ്പാടി കുറുപ്പിന്റെ നൃത്തം കഴിഞ്ഞ് ക്ഷേത്രത്തിൽ തിരികെയെത്തി വാളകം കൂടുന്നതോടെയാണ് ഉത്സവ ആഘോഷങ്ങൾ അവസാനിക്കുന്നത്. ഇനിയുള്ള നാളുകൾ കൊല്ലം പിഷാരികാവിനെയും പരിസര പ്രദേശങ്ങളുള്ളവരെയും സംബന്ധിച്ച് ഒരുക്കങ്ങളുടേതാണ്. ഉത്സവം അവിസ്മരണീയമായ അനുഭവമാക്കാൻ ക്ഷേത്ര അധികൃതരും കാലാകാലങ്ങളായി നടത്തുന്ന ആചാരങ്ങൾ പഴയതിലും പ്രൗഢിയോടെ നടത്താൻ നാടും ഒത്തൊരുമിക്കുന്ന ദിവസങ്ങളാണ് ഇനി വരാനുള്ളത്.

 

NDR News
23 Feb 2026 08:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents