വ്രത സായാഹ്നത്തിന് ഇഫ്താർ മധുരം പകർന്ന് നടുവണ്ണൂർ നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത്
ഏതെങ്കിലും ഒരു ദിവസത്തിൽ ഒതുങ്ങുന്നതല്ല ഇവിടത്തെ ഇഫ്താർ
നടുവണ്ണൂർ : റംസാനിലെ ഇഫ്താർ വാർത്തകൾ ഇന്ന് പുതുമയല്ല. എന്നാൽ നടുവണ്ണൂർ നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റി നടത്തുന്ന ഇഫ്താർ പരിപാടിക്ക് ഏറെ പുതുമകളുണ്ട്. ഏതെങ്കിലും ഒരു ദിവസത്തിൽ ഒതുങ്ങുന്നതല്ല ഇവിടത്തെ ഇഫ്താർ. വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി റമളാൻ തുടങ്ങി അവസാനിക്കുന്നതു വരെ ഇവിടത്തെ നോമ്പുതുറ നീണ്ട് നിൽക്കും. ഇതിനായി സ്ഥിരം സൗകര്യങ്ങളും മഹല്ല് കമ്മിറ്റി തന്നെ ഒരുക്കിയിട്ടുണ്ട്. വിവിധ ദേശങ്ങളിൽ നിന്ന് എത്തുന്ന 150 ഓളം പേരാണ് ഓരോ ദിവസവും ഇവിടെ നോമ്പു തുറന്ന് തിരികെ പോകുന്നത്. വിദൂര ദേശങ്ങളിൽ നിന്നുള്ള കച്ചവടക്കാരും ഉള്ളിയേരി കൂട്ടാലിട വെള്ളിയൂർ കാവുന്തറ തുടങ്ങി വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും നോമ്പിന്റെ 30 ദിവസവും നടുവണ്ണൂർ ജുമാ മസ്ജിദിലൊരുക്കുന്ന ഇഫ്താർ വേദിയിൽ എത്തുന്നു. എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന വഴിയാത്രക്കാർക്ക് നോമ്പുതുറ വിഭവങ്ങൾ നൽകുന്ന പരിപാടി കുട്ടികളുടെ നേതൃത്വത്തിൽ റോഡരികിൽ നടത്തുന്നു. പഴങ്ങളും ജ്യൂസും ഒപ്പം പൊറാട്ട പത്തിരി ബിരിയാണി മന്തി തുടങ്ങിയ വിഭവങ്ങളെല്ലാം ഇടവിട്ട ദിവസങ്ങളിൽ നൽകി തടസ്സമില്ലാതെ നീങ്ങുന്ന നടുവണ്ണൂരിലെ നോമ്പുതുറ ആളുകളുടെ എണ്ണത്തിലും വിഭവങ്ങളുടെ വൈവിധ്യത്തിലും സമീപ പ്രദേശങ്ങളിലെ തുറകളെയെല്ലാം കടത്തിവെട്ടും. ഇതിനുവേണ്ട ഒരുക്കങ്ങളുമായി സദാസമയം ഒരുപറ്റം ചെറുപ്പക്കാർ പള്ളി പരിസരത്ത് ഉണ്ടാകും. മഹല്ല് പ്രസിഡണ്ട് എം കെ പരീദ് സെക്രട്ടറി ഇ കെ സഹീർ , സിപിഐ മൊയ്തി, ഇ.കെ. മൂസക്കോയ എന്നിവരുടെ നേതൃത്വത്തിലുള്ള മഹല്ല് കമ്മിറ്റിയാണ് ഇഫ്താറിന് നേതൃത്വം നൽകുന്നത്.
നോമ്പ് തുറയുടെ ഭാഗമായി ഒരു സമൂഹ നോമ്പുതുറ സംഘടിപ്പിക്കാറുണ്ട്. ചൊവ്വാഴ്ച നടന്ന സമൂഹ നോമ്പുതുറയിൽ തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും അയൽവാസി കളുമടക്കം വലിയ ജനാവലി മസ്ജിദ് പരിസരത്ത് എത്തിച്ചേർന്നു. നോമ്പുതുറയ്ക്ക് മുമ്പ് നടന്ന ലഘു ചടങ്ങിൽ മഹല്ല് ഖത്തീബ് സന്ദേശം നൽകി. എംകെ. പരീത് മാസ്റ്റർ അധ്യക്ഷം വഹിച്ച സ്നേഹ സംഗമത്തിൽ ഒ.യം കൃഷ്ണകുമാർ, കെ രാജീവൻ, പി അച്യുതൻ, സത്യൻ മാസ്റ്റർ ജിജീഷ് മോൻ, സത്യൻ മാസ്റ്റർ, മുഹമ്മദലി മാടായി, മൂസക്കോയ നടുവണ്ണൂർ, ഇബ്രാഹിം മണോളി, ടി കെ ഇബ്രാഹിം, അബ്ദുറഹിമാൻകുട്ടി മാസ്റ്റർ എന്നിവർ ഇഫ്താർ ആശംസകൾ നേർന്നു. മഹല്ല് സെക്രട്ടറി ഇ.കെ. സഹീർ സ്വാഗതം പറഞ്ഞു.

