ശബരിമല യുവതീ പ്രവേശനം; നിലപാട് മാറ്റി സിപിഐഎം
ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ ആവശ്യപ്പെടും
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ മുൻ നിലപാട് സംസ്ഥാന സർക്കാർ തിരുത്തും. വിശ്വാസ സംരക്ഷണ നിലപാടുമായി മുന്നോട്ട് പോകാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം. ഇതോടെയാണ് സിപിഐഎം നയിക്കുന്ന സർക്കാർ നിലപാടിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രായ ഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കുക.സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ ഇതിനെ എതിർത്തെങ്കിലും 2018ൽ പിണറായി വിജയൻ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചത്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, വിഷയത്തിൽ സംസ്ഥാന സർക്കാർ കോടതിയിൽ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് നിർണായകമാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാട് തിരുത്തുന്നത്.

