ചെട്ടിപ്പടിയിൽ മാസപ്പിറവി ദൃശ്യമായി; ഈദുൽഫിത്തർ നാളെ
ദക്ഷിണ കേരളത്തിലും നാളെ ഈദുൽ ഫിത്വർ ആഘോഷിക്കും
നടുവണ്ണൂർ: താനൂർ ചെട്ടിപ്പടിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് 29 ദിവസം നീണ്ട വ്രതാ നുഷ്ഠാനത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ മുസ്ലിം സമൂഹം നാളെ ഈദുൽ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതിനെ ത്തുടർന്നാണ് പ്രമുഖ ഖാസിമാരും സംഘടന നേതാക്കന്മാരും പാണക്കാട് തങ്ങളുമാണ് നാളെ പെരുന്നാൾ പ്രഖ്യാപിച്ചത്. ഗൾഫ് രാജ്യങ്ങളിലും നാളെയാണ് പെരുന്നാൾ. പെരുന്നാൾ ആഘോഷത്തിന്റെ പ്രധാന ചടങ്ങ് ആയ പെരുന്നാൾ നമസ്കാരം ഈദ് ഗാഹുകളിലും പള്ളികളിലും നടക്കും.
നമസ്കാരാനന്തരം വിശ്വാസികൾ പരസ്പരം സ്നേഹ സൗഹൃദങ്ങൾ കൈമാറും. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഈദ്ഗാഹുകളിലെ പെരുന്നാൾ നിസ്കാരം നിരോധിച്ചിട്ടുണ്ട്. കേരളത്തിൽ തെരഞ്ഞെടുപ്പ് മൂർദ്ധന്യത്തിൽ നിൽക്കുന്ന സമയത്ത് വരുന്ന ഈദുൽഫിത്തർ ആഘോഷം രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചും നിർണായകമാണ്. പെരുന്നാൾ ആഘോഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രചരണത്തിനിടയിൽ തന്നെ വീട്ടിലെയും നാട്ടിലെയും ആഘോഷങ്ങളിൽ കൂടി പങ്കെടുക്കണം. ഈദുൽ ഫിത്തർ പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധിയാണ്.

