കൂമുള്ളിയിൽ മാതളത്തേനിൻ്റെ മധുരാനുഭവങ്ങൾ പങ്കുവെച്ച സംഗീത സന്ധ്യ
പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രാങ്കണത്തിൽ സ്മൃതി സന്ധ്യ പരിപാടിയൊരുക്കിയത്
കൂമുള്ളി: സംഗീത യാത്രയിലെ വസന്തകാലത്തിൻ്റെ ഓർമ്മകൾ പങ്കുവെച്ചും മധുര ഗീതങ്ങൾ ആലപിച്ചും കൂമുള്ളിയിലെ ക്ഷേത്രാങ്കണത്തിലൊരുക്കിയ സംഗീത സന്ധ്യ നവ്യാനുഭവമായി. കെ.പാനൂരിൻ്റെ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തിലെ സംഭവങ്ങളെ ആധാരമാക്കി നാലര പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ ഉയരും ഞാൻ നാടാകെ എന്ന, മോഹൻലാൽ അഭിനയിച്ച സിനിമയിലെ 'മാതളത്തേനുണ്ണാൻ പാറിപ്പറന്നുവരും മാണിക്യ കുയിലാളേ ..... എന്ന ഗാനം ആലപിച്ച ഗായകൻ വി.ടി. മുരളിയെയും ചിട്ടപ്പെടുത്തിയ ഹരിപ്പാട് കെ.പി.എൻ. പിള്ളയെയും പങ്കെടുപ്പിച്ചു കൊണ്ടാണ് കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രാങ്കണത്തിൽ സ്മൃതി സന്ധ്യ പരിപാടിയൊരുക്കിയത്
കോഴിക്കോട് ആകാശവാണിയുടെ ആരംഭകാലത്ത് കെ.പി.എൻ. പിള്ള സംഗീതം പകർന്ന് വി.ടി. മുരളി ആലപിച്ച ഗാനങ്ങളും സദസ്സിൽ അവതരിപ്പിച്ചു.തേൻതുള്ളി എന്ന സിനിമയിലെ ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം എന്നു തുടങ്ങുന്ന രാഘവൻ മാസ്റ്റർ സംഗീതം പകർന്ന് വി.ടി. മുരളി ആലപിച്ച ഗാനവും കത്തി എന്ന സിനിമയിൽ എം.ബി. ശ്രീനിവാസൻ സംഗീതം പകർന്ന പൊന്നരളിപ്പൂവൊന്ന് മുടിയിൽ ചൂടി എന്ന ഗാനവും വി.ടി. മുരളി ആലപിച്ചു. കൃഷ്ണദാസ് ബാലുശ്ശേരി ഇടയ്ക്ക വായിച്ചു. സംഗീതം കൊണ്ട് സമ്പന്നമായ സ്മൃതി സന്ധ്യ ഗാനാസ്വാദകർക്ക് വേറിട്ട അനുഭവമായി. ചന്ദ്രൻ കുന്നക്കാട്ട് അധ്യക്ഷനായി. ടി.സി. രാജൻ, പൃഥ്വീരാജ് മൊടക്കല്ലൂർ എന്നിവർ ആശംസ പ്രസംഗം നടത്തി.

