മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ചമ്പക്കുളം മൂലം വള്ളംകളി ജലോത്സ സമിതി
കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും മുഖ്യമന്ത്രി വി ഡി സതീശൻ അപമാനിച്ചുവെന്ന് ജലോത്സവ സമിതി
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി സംബന്ധിച്ച അവധി വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി മൂലം വള്ളംകളി ജലോത്സവ സമിതി രംഗത്തെത്തി. കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും മുഖ്യമന്ത്രി അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നും സമിതി ആവശ്യപ്പെട്ടു.
അവധി നൽകുന്നതല്ല പ്രശ്‌നം, മറിച്ച് അതിനെതിരെ സ്വീകരിച്ച ധിക്കാരപരമായ നിലപാടാണ് പ്രതിഷേധത്തിന് കാരണമെന്ന് ജലോത്സവ സമിതി എക്‌സിക്യൂട്ടീവ് അംഗം കെ.ജി. അരുണ്‍കുമാർ പറഞ്ഞു,. ചമ്പക്കുളം വള്ളംകളി കേവലം കായിക മത്സരം മാത്രമല്ല, കുട്ടനാടിന്റെ ആത്മാവും ജനങ്ങളുടെ വികാരവുമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ ചമ്പക്കുളത്ത് വൈകിട്ട് പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മൂലം വള്ളംകളി ജലോത്സവ സമിതി മുൻ സ്‌പോൺസർ കമ്മിറ്റി ചെയർമാൻ അഗസ്റ്റിൻ ജോസ് മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് ആരോപിച്ചു. അവധി അനുവദിക്കണമെന്നത് ന്യായമായ ആവശ്യമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു കഴിഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളിയെയും അതുമായി ബന്ധപ്പെട്ട ജനവികാരത്തെയും അധിക്ഷേപിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ എത്രയും വേഗം പൊതുസമൂഹത്തോട് മാപ്പ് പറയണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

