headerlogo
cultural

വയനാടിന്റെ വാഗമൺ മുനീശ്വരൻ കുന്നിലേക്ക് സ്വാഗതം

നോർത്ത് വയനാട് ഡിവിഷനിലെ ആദ്യ ഹരിത വിനോദയാത്ര കേന്ദ്രമാണ് മുനീശ്വരൻകുന്ന്.

 വയനാടിന്റെ വാഗമൺ മുനീശ്വരൻ കുന്നിലേക്ക് സ്വാഗതം
avatar image

NDR news

28 Jun 2026 12:02 PM

പൂക്കോടും കാരപ്പുഴയും കണ്ട് മടുത്തോ.എങ്കിൽ പോയാലോ വയനാടിന്റെ വാഗമൺ ഹരിത ടൂറിസം കേന്ദ്രമായ മുനീശ്വരൻ കുന്നിലേക്ക് 

     യാതൊരു പ്രതീക്ഷയുമില്ലാതെ നാം എത്തിപ്പെടുന്ന ചിലയിടങ്ങള്‍ നമ്മെ വല്ലാതെ കീഴ്‌പ്പെടുത്തിക്കളയും. കേവലമൊരു ഫ്രെയിമിലേക്കോ എഴുത്തിലേക്കോ ഒതുങ്ങാതെ വരാനിരിക്കുന്ന കാലമത്രയും ഓര്‍ത്ത് വെയ്ക്കാന്‍ പാകത്തിന് കൂടെ ഇറങ്ങിപ്പോരുന്ന ഇടങ്ങള്‍. അങ്ങനൊരിടത്തേക്കാണ് ഈ യാത്ര. കുന്നുകയറി, മേഘങ്ങളെ തൊട്ട്, കോടമഞ്ഞിലൂളിയിട്ട്, കാറ്റേറ്റ് തണുപ്പേറ്റ് മുനീശ്വരന്‍കുന്നിലേക്ക്. മനുഷ്യന്റേതായ ആര്‍ഭാടമോ ആഡംബരങ്ങളോ ഇല്ലാത്ത പ്രകൃതി പച്ചപ്പണിയിച്ച മുനീശ്വരന്‍കുന്ന്... വയനാടിന്റെ വാഗമണ്‍.നോർത്ത് വയനാട് ഡിവിഷനിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി മുനീശ്വരംകുന്ന് ഇക്കോ ടൂറിസം

       മഞ്ഞിൽ പൊതിഞ്ഞ തലപ്പുഴ പുതിയിടം മുനീശ്വരൻ കുന്നിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. സമുദ്ര നിരപ്പിൽ നിന്ന് 3355 അടി മുകളിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ വയനാടിന്റെ വാഗമൺ എന്നാണ് അറിയപ്പെടുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും പ്രകൃതി സ്നേഹികൾക്കും പ്രിയങ്കരമായ ഇവിടം തിരക്കേറിയ ജീവിതത്തിൽ നിന്നൊഴിഞ്ഞുമാറി ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും അനിയോജ്യമായ സ്ഥലങ്ങളിലൊന്നാണ്. മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും മനോഹരമായ കാഴ്ച ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു.വൈവിധ്യമാർന്ന ഔഷധസസ്യങ്ങൾ ഉൾപ്പെടെ നിറഞ്ഞുനിൽക്കുന്ന മനോഹരമായ പുൽമേടിലൂടെയാണ് മുനീശ്വരൻ കുന്നിലേക്കുള്ള ഹൈക്കിങ് പാത കടന്നുപോകുന്നത്. ജൈവവൈവിധ്യം നിറഞ്ഞ ഇവിടം ഏഷ്യൻ ആന, കടുവ, പുള്ളിപ്പുലി, കാട്ടുനായ, വിവിധ മാൻ ഇനങ്ങൾ തുടങ്ങി നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്. മുനീശ്വരൻകുന്നിൽ സ്ഥിതി ചെയ്യുന്ന മുനീശ്വരൻ കോവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. കോടമഞ്ഞ് പുതച്ച പ്രഭാതങ്ങൾ, തെളിമയുള്ള നീലാകാശവും തണുത്തകാറ്റുമുള്ള പകലും അസ്തമയ കാഴ്ചകളും ഏറെ മനോഹരമാണിവിടെ. ഓരോ സമയത്തും വ്യത്യസ്തമായ കാഴ്ചകളാണ് മുനീശ്വരൻകുന്നിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്

     മാനന്തവാടിയിൽ നിന്ന് 13 കിലോമീറ്റർ ദൂരെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലാണ് മുനീശ്വരൻ മലയും കോവിലും സ്ഥിതി ചെയ്യുന്നത്. ബേഗൂർ ഫോറസ്റ്റ് റേഞ്ചിനു കീഴിലാണ് ഈ പ്രദേശം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്കും 30 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവേശന സമയം. ഒരു ദിവസം 250 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.ഈ കടുത്ത വെയിലിലും വയനാടിന്റെ തണുപ്പ് ആസ്വദിച്ച് തൊട്ടടുത്തുള്ള കൊമാച്ചി പാർക്കിൽ പോയി കിടിലൻ ഫോട്ടോ ഒക്കെ എടുത്ത് ചേകാടിയും കണ്ട് മടങ്ങാം.

NDR news
28 Jun 2026 12:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents