ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലം കാശ്മീർ തന്നെ
കാശ്മീരിലെ തണുപ്പും മനോഹരമായ കാഴ്ചകളും ഏതൊരു സഞ്ചാരിക്കും മനസിനും ശരീരത്തിനും കുളിര് പകരുന്നതാണ്.
ഒരു സഞ്ചാരി ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലം ഏതെന്നതിന് നിസ്സംശയം മറുപടി പറയാം "കശ്മീർ " എന്ന്. ഏതോ പ്രതിഭാശാലിയായ കലാകാരൻ തന്റെ വിശാലമായ ക്യാൻവാസിൽ അണിയിച്ചൊരുക്കിയ മനോഹര ചിത്രം പോലെ വശ്യമാണ് കശ്മീർ.
ഓരോ ഇടവും വരച്ചു വച്ച ചിത്രം പോലെ മനസ്സിനെ ആകർഷിക്കും. വർണ്ണക്കൂട്ടുകളുടെ ഭാവനാത്മകമായ സംയോജനം രൂപം നൽകിയ പോലുള്ള മനോഹര കാഴ്ചകൾ ഒരു പക്ഷേ ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടാക്കാനിടയില്ലാത്തവിധം സുന്ദരമാണ്.കശ്മീരിന്റെ മോഹനമായ താഴ്‌വരകൾ ഉദ്യാനസമാനമായ ഹരിത വൃക്ഷങ്ങളാൽ അലംകൃതമായിരിക്കവേ തന്നെ ആകാശം മുട്ടേ ഉയർന്നു നിൽക്കുന്ന കൂറ്റൻ മലനിരകളും അതിന്റെ രൂപസവിശേഷതകളാൽ കാഴ്ച്ചക്ക് വിരുന്നൊരുക്കും.
ഓക്സിജൻ ലഭ്യമല്ലാത്തമലയുടെ നെറുകയിൽ പച്ചപ്പ് വിരിക്കാൻ ഒരു ചെറുചെടി പോലും ധൈര്യപ്പെട്ടിട്ടില്ല. ശീലാപാളികൾ ഒന്നിന് മുകളിൽ ഒന്നായി മനോഹമായി അടുക്കി വച്ചുയർത്തിയ കൂർത്ത കുന്നുകളുടെ അനവധി നിരകൾ. അവ അരിഞ്ഞരിഞ്ഞു പണിതുയർത്തിയ വളഞ്ഞു പുളഞ്ഞ മലമ്പാതകൾ കാണാൻ രസം പകരുമ്പോഴും ലോകത്തെ ഏറ്റവും അപകടം പതിയിരിക്കുന്ന പാത ആയാണ് ഈ റോഡുകൾ അറിയപ്പെടുന്നത്. 11659 അടി (3528 മീറ്റർ )ഉയരത്തിലുള്ള സോജില പാസ്സ് എന്നറിയപ്പെടുന്ന സീറോ പോയിന്റിലേക്കുള്ള മാർഗ്ഗവും ഇത് തന്നെയാണ്. പഹൽഗാമും ഗോണ്ടോളയും ഗുൽമാർഗുമെല്ലാം കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ച്ചാവസന്തങ്ങൾസമ്മാനിക്കുന്നവയാണ്. ലോകപ്രശസ്തമായ ഗോണ്ടോള കാർ യാത്രാനുഭവം പറഞ്ഞറിയിക്കാനാവില്ല. പല സീസണുകളിലെയാത്രയിൽ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള യാത്രകൾ സ്വർഗ്ഗതുല്യമായിരിക്കും.
മഞ്ഞുപുതപ്പ് ആകെമൂടി സുഖസുഷുപ്തിയിലായ കാശ്മീരിന്റെ സൗന്ദര്യം വിവരണാതീതമായിരിക്കും. കറുപ്പും വെളുപ്പും യൂണിഫോമണിഞ്ഞ സ്കൂൾകുട്ടിയെ പോലെയാകും കശ്മീർ മുഴുവൻ.തണുപ്പിന്റെ ഭീകരതയും ശൈത്യത്തിന്റെ സാഹസീകതയും അനുഭവിച്ചറിയാം. കാഴ്ചകളുടെ വിസ്മയങ്ങളും അനുഭവങ്ങളുടെ അമ്പരപ്പും അഭൗമവികാരങ്ങളുടെ വേലിയേറ്റമാകും സൃഷ്ടിക്കുക.
ഭാരതത്തിന്റെ ഏറ്റവും സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രം കൂടിയായ കശ്മീർ നമ്മുടെ രാജ്യസ്നേഹത്തിന്റെ പ്രതീകം കൂടിയാകുമ്പോൾ കശ്മീർ നമ്മുടെ അഭിമാനം മാത്രമല്ല വികാരം കൂടിയാവുകയാണ്.

