പേരാമ്പ്ര വേദവ്യാസ വിദ്യാലയം ശ്രീ ഗുരുപൂജ മഹോത്സവം ആഘോഷിച്ചു
ലോക ഗുരുവായ ശ്രീ വേദവ്യാസ മഹർഷിയുടെ ജന്മദിനം ശ്രീ ഗുരുപൂജ മഹോത്സവമായി ആഘോഷിക്കുന്നു
പേരാമ്പ്ര : ലോക ഗുരുവായ ശ്രീ വേദവ്യാസ മഹർഷിയുടെ ജന്മദിനം ശ്രീ ഗുരുപൂജ മഹോത്സവമായി ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ ദിനത്തിൻ വേദവ്യാസ പേരാമ്പ്രയിൽ ഗുരുതുല്യരായ മഹദ് വ്യക്തികളെ ആദരിക്കുകയുണ്ടായി.
ശ്രീ സുനിൽ മാസ്റ്റർ (റിട്ട.പ്രിൻസിപ്പൽ പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ ) , ശ്രീമതി ലീല ടീച്ചർ ( ചങ്ങരോത്ത് പഞ്ചായത്ത് മുൻ പ്രസിഡൻ്റ്) , ശ്രീമതി പുഷ്പവല്ലി ടീച്ചർ ( റിട്ട. പ്രിൻസിപ്പൽ കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ) ,ശ്രീ ചന്ദ്രൻ മാസ്റ്റർ ( നൃത്താധ്യാപകൻ) എന്നീ പ്രഗത്ഭരും മാതൃകകളുമായ ഗുരുക്കന്മാരെയാണ് വിദ്യാലയത്തിൽ വെച്ച് ആദരിച്ചത് .
വിദ്യാലയ പ്രവർത്തകരും ,രക്ഷിതാക്കളും കുട്ടികളും ചേർന്ന് പാദപൂജ ചെയ്യുകയും ആരതി ഉഴിയുകയും പുഷ്പവൃഷ്ടി നടത്തുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു .
വിദ്യാലയ സമിതി പ്രസിഡൻ്റ് ശ്രീ പി സി സുരേന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ആഘോഷ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ പി കെ പ്രമോദ് കുമാർ ഗുരു സന്ദേശം നൽകി. വിദ്യാലയ സമിതി സെക്രട്ടറി ശ്രീ കെ എം അമരേഷ് സ്വാഗതം ആശംസിക്കുകയും മാതൃഭാരതി പ്രസിഡൻ്റ് ശ്രീമതി ശ്രീധന്യ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ക്ഷേമ സമിതി പ്രസിഡൻ്റ് ശ്രീ പ്രസൂൺ കല്ലോട് ,ശിശുവാടിക സമിതി പ്രസിഡൻ്റ് ശ്രീമതി കീർത്തന ,വൈസ് പ്രിൻസിപ്പൽ ശ്രീമതി ദീപ എൻ എസ് ,ശ്രീമതി അംബിക ടീച്ചർ എന്നിവർ സംസാരിച്ചു.
ഗുരുക്കൻമാരുടെ മറുമൊഴി ഏറെ വികാരനിർഭരമായിരുന്നു. ഇത്രയും കാലത്തെ സേവനത്തിനിടയ്ക്ക് ഇത്തരത്തിലുള്ള ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായിട്ടില്ല. ഗുരുക്കന്മാരെ ആദരിക്കുന്ന ഭാരതീയ സംസ്കൃതിയുടെ നേർകാഴ്ചയാണ് ഇത്തരം ആഘോഷങ്ങൾ .വഴി തെറ്റി പോവുന്ന യുവജനതയെ സംസ്കാര സമ്പന്നമാക്കേണ്ടതുണ്ട്. ആദ്യ ഗുരുവായ മാതാവിനെപ്പോലും അവജ്ഞയോടെ കാണുന്ന യുവതലമുറയിൽ പ്രതീക്ഷയുടെ നാമ്പാണ് വിദ്യാനികേതൻ വിദ്യാലയങ്ങൾ . ഗുരുക്കന്മാരെ തെരെഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണ്ടതുണ്ട്. അധ്യാപന രംഗം പോലും സ്വാർത്ഥ താത്പര്യത്തിൻ്റെയും അഴിമതിയുടെയും കൂത്തരങ്ങായി മാറിയ സമൂഹത്തിൽ ഉത്തമ മാതൃകകൾ കുറഞ്ഞു വരികയാണ്. ശ്രീ വേദവ്യാസ മഹർഷിയുടെ ജന്മദിനത്തിൽ ഇവിടെ വരാനും പാദപൂജ സ്വീകരിക്കാനും സാധിച്ചത് മുൻ ജന്മ സുകൃതമാണെന്നും ഗുരുക്കന്മാർ പറയുകയുണ്ടായി .

