ഗുരുവായൂർ ക്ഷേത്രത്തിൽ റിക്കോർഡ് എണ്ണം വിവാഹം
ആഗസ്റ്റ് 23, 30 തീയതികളിൽ 377, 295 എണ്ണം വിവാഹങ്ങൾ ആണ് നടക്കാൻ പോകുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23, 30 തീയതികളിൽ റിക്കോർഡ് എണ്ണം വിവാഹം.ആഗസ്റ്റ് 23ന് 377 ഉം ആഗസ്റ്റ് 30 ന് 295ഉം വിവാഹങ്ങൾ ആണ് ഇതിനകം ശീട്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഭക്തർക്ക് തടസമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും ദേവസ്വം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അറിയിച്ചു.
സമയബന്ധിതമായി പൂർത്തിയാക്കാൻ ആഗസ്റ്റ് 23, ആഗസ്റ്റ് 30 തീയതികളിൽ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യ സംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേ നട പൂർണമായും വൺവേ അക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ഓഡിറ്റോറിയത്തിലോ ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്‍റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ
ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല. വധു വരൻമാർക്കൊപ്പം ഫോട്ടോ ഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കു. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

