ജില്ലാതല ഓണാഘോഷം: സെലിബ്രിറ്റി വടംവലിയിൽ കലക്ടറേറ്റ് ടീം ജേതാക്കൾ
ജില്ലയിലെ എംഎൽഎമാർ, മറ്റു ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ ചേർന്ന് മാനാഞ്ചിറയിൽ നടത്തിയ സെലിബ്രിറ്റി വടംവലിയിൽ ഡെപ്യൂട്ടറി കലക്ടറുടെ നേതൃത്വത്തിലുള്ള കലക്ടറേറ്റ് ടീം ജേതാക്കളായി
കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന് മുന്നോടിയായി കോഴിക്കോട് മാനാഞ്ചിറയില്‍ നടന്ന വടംവലി മത്സരം ആവേശമായി. കോര്‍പറേഷന്‍ മേയര്‍ ഒ. സദാശിവന്‍, എം.എല്‍.എമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പ്രവീണ്‍കുമാര്‍, അഡ്വ. ഫൈസല്‍ ബാബു, പി.കെ ഫിറോസ് എന്നിവര്‍ ഉള്‍പ്പെടെ അണിനിരന്ന സെലിബ്രിറ്റി മത്സരത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ സുബൈറിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് കലക്ടറേറ്റ് ടീം ജേതാക്കളായി. ഇ.പി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കാലിക്കറ്റ് പ്രസ് ക്ലബ് ടീമിനെയാണ് ഫൈനലില്‍ കീഴടക്കിയത്. കെ. ജയന്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ മുഹമ്മദ് യാസിറിന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീമും ഉള്‍പ്പെടെ നാല് ടീമുകളാണ് സെലിബ്രിറ്റി മത്സരത്തില്‍ മാറ്റുരച്ചത്.
പുരുഷ വിഭാഗത്തില്‍ സി.എസ്.എ കേരളയെ പരാജയപ്പെടുത്തി ഉമ്മന്‍ചാണ്ടി സ്‌പോര്‍ട്‌സ് അക്കാദമിയും വനിതാ വിഭാഗത്തില്‍ ഉമ്മന്‍ചാണ്ടി സ്‌പോര്‍ട്‌സ് അക്കാദമിയെ പരാജയപെടുത്തി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജും ജേതാക്കളായി.
മത്സരം അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ് അധ്യക്ഷനായി. കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍, എം.എല്‍.എ മാരായ അഡ്വ കെ. ജയന്ത്, ഫൈസല്‍ ബാബു, പി.കെ ഫിറോസ്, ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി എന്നിവര്‍ മുഖ്യാതിഥികളായി. ഡെപ്യൂട്ടി കലക്ടര്‍ വി. സുപിന്‍, മുനീര്‍ എരവത്ത്, രാജേഷ് ജോസ്, പ്രദീപ്, ആര്‍ ഷഹിന്‍, പി.എം അബ്ദുറഹിമാന്‍, എ. മൂസ ഹാജി, പി എം റിയാസ്, പി. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ ജയന്ത് എം.എല്‍.എ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു.

