പ്രസിദ്ധമായ തൃശ്ശൂർ പുലിക്കളി നാളെ നടക്കും
ശനിയാഴ്ച വൈകിട്ട് നാലുമണി മുതലാണ് പുലികളി സംഘങ്ങൾ ചെണ്ടമേളത്തോടു കൂടി സ്വരാജ് റൗണ്ടിലെത്തുക.
തൃശ്ശൂർ: പ്രസിദ്ധമായ തൃശൂർ പുലിക്കളി നാളെ നടക്കും.ചെണ്ടമേളത്തിനൊത്ത് അരമണികിലുക്കി ചുവടുവെച്ച് പുലികൾ സ്വരാജ് റൗണ്ടും നഗരവും കീഴടക്കാനെത്തുക. ശനിയാഴ്ച വൈകീട്ട് നാല് മണിയ്ക്കാണ് പുലിക്കളിയ്ക്ക് തുടക്കമാവുക. 9 പുലിക്കളി സംഘങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. മികച്ച പുലിക്കളി സംഘത്തിന് 70,000 രൂപയും ട്രോഫിയുമാണ് ലഭിക്കുക.
വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നിവയാണ് സംഘങ്ങൾ. ഇതിൽ ഒളരിക്കര ദേശം ആദ്യമായാണ് ചുവടുവയ്ക്കുന്നത്
പുലിക്കളി സംഘങ്ങൾക്ക് സ്വരാജ് റൗണ്ടിലെത്തുന്നതിന് സമയക്രമമുണ്ട്. വൈകിട്ട് 4:00 മണിയ്ക്ക് വിയ്യൂർ യുവജനസംഘമാണ് ആദ്യം സ്വരാജ് റൗണ്ടിലെത്തി കാഴ്ചക്കാർക്ക് നയനമനോഹര കാഴ്ചയൊരുക്കുക. സ്വരാജ് റൗണ്ടിലെ ബിനി ജങ്ഷനിൽ മന്ത്രി ഒജെ ജനീഷ് ഫ്ലാഗ് ഓഫ് നിർവഹിക്കും. ആറ് 6 സംഘങ്ങൾ എംജി റോഡിലൂടെയും രണ്ടു ടീമുകൾ വടക്കേ സ്റ്റാൻഡ് വഴി ബിനി ജങ്ഷനിലൂടെയും റൗണ്ടിൽ പ്രവേശിക്കും. പാട്ടുരായ്ക്കൽ ടീം ഷൊർണൂർ റോഡ് വഴിയാണ് റൗണ്ടിലെത്തുക. രാത്രി 7:20ന് അയ്യന്തോൾ ദേശവും റൗണ്ടിലെത്തും
.സ്വരാജ് റൗണ്ടിൽ പ്രവേശിക്കുന്ന പുലി സംഘങ്ങൾ നടുവിലാലിലെത്തും. ഓരോ സംഘങ്ങളിലും 35 മുതൽ 51 വരെ പുലിക്കളി കലാകാരന്മാരുണ്ടാകും. വാദ്യ സംഘത്തിൽ 25 മുതൽ 35 വരെ അംഗങ്ങലാണ് ഉണ്ടാവുക. ഇവർക്കൊപ്പം വിവിധ നിശ്ചലദൃശ്യങ്ങളും അകമ്പടിയാകും. രാത്രി പത്തോടെ ആഘോഷവും വിധിനിർണയവും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

