നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം മഹാശോഭ യാത്രകൾ നടന്നു
കോഴിക്കോട്: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വലിപ്പചെറുപ്പമില്ലാതെ മഹാശോഭായാത്രകൾ നടന്നു. പീതാംബരധാരികളായി, തലയിൽ മയിൽപ്പീലിയും കയ്യിൽ ഓടക്കുഴലുമേന്തി പതിനായിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും രാധമാരും തെരുവുകളിൽ അണിനിരന്നു. നിശ്ചലദൃശ്യങ്ങൾ, ചെണ്ടമേളം, ഭജനസംഘങ്ങൾ, ഉറിയടി എന്നിവ ശോഭായാത്രകൾക്ക് ആവേശം കൂട്ടി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്
ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂരിൽ വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്. പുലർച്ചെ മുതൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. അർദ്ധരാത്രിയിലെ അവതാര സമയത്ത് നടന്ന 'നിശീഥപൂജ' ദർശിക്കാൻ ആയിരങ്ങൾ അണിനിരന്നു.

