ഡോ: ഹുസൈൻ മടവൂരിന് ദുബൈ എയർപ്പോർട്ടിൽ ആവേശോജ്വലമായ വരവേൽപ്പ്
ഇന്റർനാഷണൽ കൗൺസിൽ ഫോർ അറബിക് ലാംഗ്വേജ് നടത്തുന്ന പത്ത് ലക്ഷം ഡോളറിൻ്റെ അവാർഡുകൾ നല്കുന്ന ആഗോള അറബി ഭാഷാ ഉച്ചകോടി ഇന്ന് മുതൽ ദുബായിൽ
ദുബൈ: ആഗോള തലത്തിൽ അറബി ഭാഷയുടെ പ്രചാരണത്തിനായി ദുബൈ ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡൻ്റുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര അറബി ഭാഷാ ഉച്ച കോടി ഒക്ടോബർ 28, 29,30 (ബുധൻ , വ്യാഴം, വെള്ളി) ദിവസങ്ങളിൽ ദുബായിലെ മൂവെൻപിക് ഗ്രാൻഡ് അൽ ബുസ്താൻ ഹോട്ടൽ കോൺഫറൻസ് ഹാളുകളിൽ നടക്കും. ഇന്റർനാഷണൽ കൗൺസിൽ ഫോർ അറബിക് ലാംഗ്വേജ് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
. സമ്മേളത്തിൽ പങ്കെടുക്കാൻ പ്രമുഖ അറബി ഭാഷാ പണ്ഡിതനും ഡൽഹിയിലെ ഹ്യൂമൺ റിസോഴ്‌സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ ( എഛ് ആർ ഡി എഫ് ) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ എത്തിയപ്പോൾ ദുബൈ എയർ പോർട്ടിൽ ഗംഭിര സ്വീകരണം നൽകുകയുണ്ടായി. കേരളത്തിൽ നിന്ന് പത്തോളം അറബി ഭാഷാ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ അറബി ഭാഷാ ഉച്ചകോടിയിൽ എഴുപതോളം രാഷ്ട്രങ്ങളിൽ നിന്നുള്ള ആയിരത്തിയഞ്ഞൂറിലധികം ഭാഷാ വിദഗ്ധർ പങ്കെടുക്കുമെന്ന് ഇൻ്റർനാഷണൽ കൗൺസിൽ ഫോർ അറബിക് ലാംഗ്വേജ് സെക്രട്ടറി ജനറൽ ഡോ. അലി ബിൻ അബ്ദുല്ലാ അൽ മൂസാ അറിയിച്ചു.
. എൺപത് സെഷനുകളിലായി അഞ്ഞൂറോളം വൈജ്ഞാനിക പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കും.ഇതോടൊപ്പം പത്ത് ലക്ഷം ഡോളർ ( ഒമ്പത് കോടി നാല്പത്തിയഞ്ച് ലക്ഷം ഇന്ത്യൻ രൂപ ) സമ്മാനത്തുകയായുള്ള പത്താമത് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അറബി ഭാഷാ അവാർഡുകളുടെ സമർപ്പണവും നടക്കും. ലോക രാഷ്ട്രങ്ങളിലെ അറബി ഭാഷാ വകുപ്പ് തലവൻമാരുടെയും ഭാഷാ വിദഗ്ധരുടെയും പ്രത്യേക സംഗമവുമുണ്ടാവും.
. ഈ മൂന്ന് പരിപാടികളിലും ഡോ. ഹുസൈൻ മടവൂർ പങ്കെടുക്കും. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഭാഷാ വിദഗ്ധർ പങ്കെടുക്കും.
. അനറബി രാഷ്ട്രങ്ങളിലെ വിദ്യാർത്ഥികൾക്ക് അറബി ഭാഷ എളുപ്പത്തിൽ പഠിപ്പിക്കാനുള്ള ആധുനിക ബോധന രീതി ശാസ്ത്രം, പ്രായോഗിക പരിശീലനം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. അതോടൊപ്പം സാഹിത്യ ചർച്ചകളുമുണ്ടാവും. പുതിയ പദാവലികൾക്കും പ്രയോഗങ്ങൾക്കും അനുയോജ്യമായ അറബി വാക്കുകളും പ്രയോഗങ്ങളും നിർണ്ണയിച്ച് അംഗീകരിച്ച് പരസ്യപ്പെടുത്താൻ വിവിധ രാജ്യങ്ങളിലെ അറബിക് അക്കാദമികൾ നിർദ്ദേശങ്ങൾ സമർപ്പിക്കും.
. ഐക്യരാഷ്ട്രസഭയിലെ ആറ് ഔദ്യോഗിക ഭാഷകളിലൊന്നായ അറബി ഭാഷ ഇരുപത്തിയാറ് രാഷ്ട്രങ്ങളുടെ ഒന്നാം ഭാഷയും നാൽപത്തിയഞ്ച് കോടി ജനങ്ങളുടെ മാതൃഭാഷയുമാണ്.ലോകത്ത് അറുപതിലധികം രാജ്യങ്ങളിൽ വ്യവസ്ഥാപിതമായിഅറബി ഭാഷ പഠിപ്പിക്കപ്പെടുന്നുണ്ട്. ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതിൽ ലോകത്ത് നാലാം സ്ഥാനം അറബി ഭാഷക്കാണ്.
. ലോക പ്രസിദ്ധ സർവ്വകലാശാലകളായ ഇംഗ്ലണ്ടിലെ ഓക്സ് ഫോർഡ്, കേംബ്രിഡ്ജ് തുടങ്ങിയ യൂണിവേഴ്സിറ്റികളിലും അമേരിക്കയിലെ ഹാർവേഡ്, മിച്ചിഗൺ, വാഷിംഗ് ടൺ, ന്യൂ യോർക്ക് മുതലായ യൂണിവേഴ്സിറ്റികളിലും ആസ്ത്രേലിയയിലെ നാഷണൽ, സിഡ്‌നി, മെൽബൺ യൂണിവേഴ്സിറ്റികളിലും അറബി ഭാഷയിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറേറ്റ് വരെയുള്ള കോഴ്സുകൾ നടത്തുന്നുണ്ട്. കൂടാതെ തൊഴിൽ മേഖലകളിലേക്ക് ആവശ്യമായ ഹ്രസ്വകാല കോഴ്സുകളും അവിടങ്ങളിൽ ഉണ്ട്.
. അറബി രാഷ്ട്രങ്ങൾ കഴിഞ്ഞാൽ അറബി ഭാഷാപഠനത്തിന് ഏറ്റവും കൂടുതൽ സംവിധാനമുള്ളത് ഇന്ത്യയിലാണ്. ഇതിൽ ഇന്ത്യയിൽ കേരളം മുന്നിട്ട് നിൽക്കുന്നു. ഇന്ത്യയിൽ പ്രമുഖ കേന്ദ്ര സർവ്വകലാശാലകളായ ഡൽഹി യൂണിവേഴ്സിറ്റി, ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, അലിഗർ മുസ്‌ലിം യൂണിവേഴ്സിറ്റി തുടങ്ങി പത്ത് കേന്ദ്രസർവകലാ ശാലകളിലുൾപ്പെടെ ഇരുപത്തിയേഴ് സർവ്വകലാശാലകളിലും നൂറ്റിയെഴുപതോളം അംഗീകൃത കോളെജുകളിലും അറബി ഭാഷാ പഠനമുണ്ട്. അറബി ഭാഷ പഠിപ്പിക്കുന്ന ഇരുനൂറ്റി അമ്പതോളം സി.ബി.എസ്.ഇ സ്കൂളുകളും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള മുന്നൂറിലേറെ എൻ. സി. പി. യു. എൽ സ്റ്റഡീ സെൻ്ററുകളുമുണ്ട്. കേരളത്തിലെ ആറ് യൂണിവേഴ്സിറ്റിയിലും നൂറോളം കോളെജുകളിലും ആറായിരത്തോളം സ്കൂളുകളിലും അറബി ഭാഷ പഠിപ്പിക്കപ്പെടുന്നുണ്ട്.
. പുതിയ ലോകത്തെ വാണിജ്യ,വ്യവസായ, തൊഴിൽ മേഖലകളിലെ സാദ്ധ്യതകൾ കണക്കിലെടുത്താണ് ആഗോള തലത്തിൽ അറബി ഭാഷക്ക് ഇത്രയേറെ പ്രോത്സാഹങ്ങളുണ്ടായത്.അറബി രാഷ്ട്രങ്ങളിലും ഗൾഫിലും അറബി ഭാഷ അറിയുന്നവർക്ക് ജോലി സാധ്യത വളരെ കൂടുതലാണ്.
. ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികൾ അറബി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കോടികൾ നിക്ഷേപിക്കുന്നുണ്ട്.യു.എൻ.ഒ, അറബ് ലീഗ്, ഒ.ഐ.സി എന്നിവയുടെ ഔദ്യോഗിക ഭാഷയായതിനാൽ ആധുനിക കാലത്ത് അറബി ഭാഷാപഠനത്തിൻ്റെ പ്രാധാന്യം വളരെയേറെ വർദ്ധിച്ചിട്ടുണ്ട്.അതിനാൽ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അറബി പഠിക്കുന്നത് ഒരു ഭാഷ പഠിക്കൽ മാത്രമല്ല, ഭാസുരമായ ഭാവി തുറക്കൽ കൂടിയാണ്.മൾട്ടി നാഷൻ കമ്പനികൾ, ഹോട്ടലുകൾ, കോടതികൾ, ആശുപത്രികൾ, വിദ്യാഭ്യാസ മാധ്യമ സ്ഥാപനങ്ങൾ, ഐടി, ടൂറിസം മേഖലകൾ തുടങ്ങിയവയിലെല്ലാം അറബി രാഷ്ട്രങ്ങളിൽ വലിയ ജോലി സാദ്ധ്യതകളാണുള്ളത്. അറബ് രാഷ്ട്രങ്ങളുടെ എംബസികളിൽ അറബി ഭാഷാ വിവർത്തകർക്ക് നിരവധി തൊഴിലവസരങ്ങളുണ്ട്.AI ഡാറ്റാ ട്രെയിനർ: ChatGPT പോലുള്ള AI മോഡലുകൾക്ക് അറബി പഠിപ്പിക്കുന്ന ജോലി ചെയ്യുന്ന വർക്ക് നല്ല ശമ്പളം ലഭിക്കുന്നുണ്ട്.അറബി യൂട്യൂബർ, കണ്ടന്റ് ക്രിയേറ്റർ,ഓൺലൈൻ വിവർത്തകൻ തുടങ്ങി ധാരാളം തൊഴിൽ മേഖലകൾ പുതുതായി തുറക്കപ്പെട്ടിട്ടുണ്ട്
. അറബി ഭാഷ ഭൂത കാലത്തിന്റെ മാത്രമല്ല, ഭാവിയുടെ ഭാഷ കൂടിയാണ്. ദുബൈ അറബി ഭാഷാ ഉച്ചകോടി പുതിയ കാലത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ടുള്ള അറബി ഭാഷാദ്ധ്യാപനത്തിന് മർഗ്ഗ രേഖ തെയ്യാറാക്കും.

