തിരുപ്പതി ക്ഷേത്രത്തിൽ 207.6 കോടി രൂപയുടെ സ്വർണാഭരണങ്ങൾ വഴിപാട് സമർപ്പിച്ച് ദമ്പതികൾ
ചെന്നൈ സ്വദേശികളായ വർധമാർ ജെയിനും ഭാര്യ രാധിക ജെയിനുമാണ് 121 കിലോഗ്രാം സ്വർണാഭരണങ്ങൾ തിരുപ്പതി ക്ഷേത്രത്തിന് സമർപ്പിച്ചത്.
തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സംഭാവന നൽകി ചെന്നൈ സ്വദേശികളായ ദമ്പതികൾ. വ്യവസായി വർധമാൻ ജെയിനും ഭാര്യ രാധിക ജെയിനും ചേർന്ന് 121 കിലോഗ്രാം സ്വർണമാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. നിർമാണച്ചെലവ് ഉൾപ്പെടെ 207.6 കോടി രൂപയാണ് ഇതിന്റെ മൂല്യം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു സമർപ്പണം.
. 33 ഇനങ്ങളിലായി 46 ആഭരണങ്ങളാണ് വഴിപാടിന്റെ ഭാഗമായി സമർപ്പിച്ചത്. സ്വർണക്കിരീടം, മാലകൾ, അരപ്പട്ട, പാദാഭരണങ്ങൾ, ശംഖ്, ചക്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 238.2 കാരറ്റ് വജ്രങ്ങളും വിവിധയിനം വിലപിടിപ്പുള്ള രത്‌നങ്ങളും ആഭരണങ്ങളിൽ പതിച്ചിട്ടുണ്ട്.
. 106 കിലോഗ്രാം സ്വർണം വെങ്കിടേശ്വര സ്വാമിയുടെ ആഭരണങ്ങൾക്കായാണ് ഉപയോഗിച്ചത്. ശേഷിക്കുന്ന 15 കിലോഗ്രാം സ്വർണം തിരുച്ചാനൂരിലെ പത്മാവതി ദേവിക്ക് സ്വർണവസ്ത്രം നിർമിക്കുന്നതിനായി വിനിയോഗിക്കും. ക്ഷേത്രാചാരങ്ങൾക്കും ആഗമശാസ്ത്ര വിധികൾക്കും അനുസൃതമായാണ് ആഭരണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
. ദമ്പതികളുടെ ഭക്തിയെയും സമർപ്പണത്തെയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിനന്ദിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഭക്തന്റെ കുടുംബത്തിൽനിന്ന് ഇത്രയും വലിയ സംഭാവന ലഭിക്കുന്നതെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി. പുതുതായി ലഭിച്ച ആഭരണങ്ങൾ വെള്ളിയാഴ്ച അഭിഷേകത്തിനുശേഷം വിഗ്രഹത്തിൽ ചാർത്തുമെന്നാണ് റിപ്പോർട്ട്

