ഹെഡ്‍മാസ്റ്റര്‍ തസ്തികയില്‍ അനര്‍ഹര്‍ക്ക് സ്ഥലം മാറ്റം: സീനിയോറിറ്റിയ്ക്ക് പുല്ലു വില
നിലവിലുള്ള ചട്ടമനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ച് പൂര്‍ണ്ണമായും സീനിയോറിറ്റി പാലിച്ചാണ് സ്ഥലം മാറ്റം നടത്തേണ്ടത്

കോഴിക്കോട്: കേരളത്തിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ പ്രധാനധ്യാപകരുടെ സ്ഥലം മാറ്റത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതി.നിലവിലുള്ള ചട്ട പ്രകാരം ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ച് പൂര്‍ണ്ണമായും സീനിയോറിറ്റി പാലിച്ചാണ് സ്ഥലം മാറ്റം നടത്തേണ്ടത്. അത് പ്രകാരം ഈ അധ്യയന വര്‍ഷത്തെ ആദ്യ സ്ഥലം മാറ്റം കഴിഞ്ഞ ജൂണ്‍ മുപ്പതിന് പുറത്ത് വന്നു.
എന്നാല്‍ അപേക്ഷിക്കാന്‍ അനുവദിച്ച സ്കൂളുകളുടെ എണ്ണം ഇരുപത് ആക്കിയതിനാല്‍ അപേക്ഷിച്ച ബഹു ഭൂരിപക്ഷം പേര്‍ക്കും സ്ഥലം മാറ്റം ലഭിച്ചിരുന്നില്ല. ഫലത്തില്‍ ജനറല്‍ ട്രാന്‍സ്ഫറിന് ശേഷം അധ്യാപകര്‍ സ്ഥലം മാറ്റം ആഗ്രഹിച്ച പല സ്കൂളുകളിലും നിയമനം നടക്കാതെ ഒഴിഞ്ഞ് കിടന്നു. എങ്കിലും ഹയര്‍ ഓപ്ഷന്‍ നിലവിലുള്ളതിനാല്‍ ഈ വര്‍ഷം തുടര്‍ന്നു വരുന്ന ഒഴിവുകളിലെല്ലാം സീനിയോററി അനുസരിച്ച് സ്ഥലം മാറ്റം ലഭിക്കേണ്ടതായിരുന്നു.
എന്നാല്‍ അധ്യാപകര്‍ക്കുള്ള ന്യായമായ ഈ അവസരം നഷ്ടപ്പെടുത്തിയാണ് ഇപ്പോള്‍ ഏറ്റവും പുതിയ സ്ഥലം മാറ്റ ഉത്തരവ് വന്നിരിക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയരക്ടറുടേതായി കഴിഞ്ഞ ഒമ്പതാം തിയ്യതി പുറത്തിറക്കിയ ഉത്തരവനുസരിച്ച് ജനറല്‍ ട്രാന്‍സ്ഫറില്‍ അപേക്ഷിച്ച മൂന്ന് വര്‍ഷം വരേ സീനിയോറിറ്റിയുള്ളവരെ ഒഴിവാക്കി ജൂനിയര്‍ ആയവരെ നിയമിച്ചിരിക്കുകയാണ്.
സംഘടനകള്‍ തങ്ങളുടെ സ്വന്തക്കാരെ കുറുക്കു വഴിയിലൂടെ സ്ഥലം മാറ്റാന്‍ ശ്രമിക്കുന്നതായാണ് അധ്യാപകരുടെ പരാതി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലബാര്‍ ഭാഗത്ത് നിന്ന് എച്ച്.എം.പ്രമോഷന്‍ ലഭിക്കുന്നവര്‍ക്ക് നാല് വര്‍ഷം വരേ ട്രാന്‍സ്ഫര്‍ ലഭിക്കാതെ തെക്കന്‍ ജില്ലകളില്‍ കഴിയേണ്ടി വരുന്നുണ്ട്. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ പരിഗണന ലിസ്റ്റില്‍ കയറിക്കൂടി സ്ഥലം മാറ്റം സംഘടിപ്പിച്ച നിരവധി പേര്‍ ഇത്തവണയുണ്ടായിട്ടുണ്ടെന്ന് വ്യാപകമായ ആക്ഷേപം വന്നിട്ടുണ്ട്. ഇതിന്റെ പേരില്‍ അധ്യാപകര്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ഹെഡ്‍മാസ്റ്റര്‍ സ്ഥാനക്കയറ്റം ലഭിക്കുന്നത് ഭൂരിപക്ഷം പേര്‍ക്കും സര്‍വ്വീസിലെ ഏറ്റവും അവസാന കാലത്താണ്. ന്യായമായ സ്ഥലം മാറ്റം ലഭിച്ച് ദൂരെയാണെങ്കിലും രണ്ട് വര്‍ഷത്തിനകമെങ്കിലും തിരിച്ച് വരാമെന്ന് കരുതിയാണ് ശാരീരികസ്വാസ്ഥ്യവും കുടുംബപ്രശ്നങ്ങളും പോലും സഹിച്ച് ഭൂരിപക്ഷം പേരും സ്ഥാനക്കയറ്റം സ്വീകരിക്കുന്നത്. എന്നാല്‍ ഇങ്ങിനെ പോകുന്നവരെയെല്ലാം വിഡ്ഢികളാക്കിയാണ് താരതമ്യേന ചെറുപ്പക്കാരായവരും ജൂനിയര്‍മാരുമായവര്‍ സ്വാധീനം ചെലുത്തി മാസങ്ങള്‍ക്കകം ട്രാന്‍സ്ഫര്‍ ഒപ്പിച്ച് നാട്ടിലെത്തുന്നത്.
പ്ലസ്ടു പ്രിന്‍സിപ്പാള്‍ ട്രാന്‍സ്ഫറിന് അമ്പത് സ്കൂളുകളിലേക്ക് വരേ അപേക്ഷിക്കാം. എന്നാല്‍ എച്ച്.എം. ട്രാന്‍സ്ഫറിന് ഇരുപത് സ്ഥലത്ത് മാത്രമേ അപേക്ഷിക്കാവൂ എന്നതാണ് വിചിത്രമായ നിയമം. അപേക്ഷിക്കാനുള്ള സ്കൂളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകര്‍ പല വട്ടം ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായില്ല.
ഓപ്ഷന്‍ എണ്ണം കുറച്ചാല്‍ ട്രാന്‍സ്ഫര്‍ കഴിഞ്ഞ് കുറേ ഒഴിവുകള്‍ പലയിടത്തും വരുമെന്നും അവിടേക്ക് സംഘടനകള്‍ക്ക് താല്പര്യമുള്ളവരെ സീനിയോറിറ്റി നോക്കാതെ മാറ്റി നിയമിക്കാം എന്നു കരുതിയാണ് ഓപ്ഷന്‍ എണ്ണം കൂട്ടാത്തതെന്നാണ് അധ്യാപകര്‍ പറയുന്നത്.ഏതായാലും വര്‍ഷങ്ങളായി തൂടരുന്ന ഈ അനീതിയ്ക്കെതിരെ നിയമപരമായി തന്നെ നീങ്ങാനുള്ള നീക്കത്തിലാണ് അധ്യാപകര്‍.