സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ അപരിചിതത്വം പരിഹരിക്കണം -മുഖ്യമന്ത്രി
ഇതിനായി കുട്ടികള്‍ക്ക് ആഹ്ലാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണം
തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുമ്പോള്‍ മുഴുവൻ കുട്ടികള്‍ക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിദ്യാകിരണം സംസ്ഥാന മിഷന്റെ ആദ്യ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
കോവിഡാനന്തര കാല വിദ്യാഭ്യാസം എങ്ങനെയാകണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണം. കുട്ടികള്‍ നേരിടുന്ന സാമൂഹിക-മാനസിക-അക്കാദമിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാവണം. കുട്ടികള്‍ക്കിടയിലും, അദ്ധ്യാപകരും കുട്ടികളും തമ്മിലുണ്ടായേക്കുന്ന അപരിചിതത്വവും പരിഹരിക്കണം.
കുട്ടിയെ അടുത്തറിയാന്‍ സഹായകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ദീര്‍ഘകാലം വീട്ടില്‍ കഴിഞ്ഞ് വരുന്ന കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് വികസിപ്പിക്കണം. ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികളിൽ പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കണം. ഡിജിറ്റല്‍ ഡിവൈഡ് പാടില്ല.
അദ്ധ്യാപകരുടെ പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കാന്‍ വിദഗ്ദ്ധപരിശീലനം നല്‍കണം. ഇതിനായി ഓരോ ജില്ലയിലും റിസോഴ്സ് ടീം വേണം. ദേശീയതലത്തില്‍ തന്നെ പ്രാവീണ്യമുള്ള വിദഗ്ധരെ പരിശീലനത്തിന്റെ ഭാഗമായി അണിനിരത്തണം. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഭിന്നശേഷിക്കാര്‍, പാര്‍ശ്വതവത്ക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികള്‍, എന്നിവര്‍ക്ക് ആവശ്യമായ പഠന പിന്തുണ ഉറപ്പു വരുത്തണം. ക്ലാസ്സ് മുറികളെ ഡിജിറ്റല്‍ സൗഹൃദമാക്കാന്‍ വിപുലീകൃതമായ പദ്ധതികള്‍ വേണം. 10-15 കുട്ടികള്‍ക്ക് മെന്റര്‍ എന്ന നിലയില്‍ ഒരോ അദ്ധ്യാപകരെ വീതം നിശ്ചയിക്കണം. ഇതിലൂടെ കുട്ടിയെ അടുത്തറിയാനും കുട്ടിയുടെ ചെറിയ മാറ്റം പോലും മനസ്സിലാക്കാനും അദ്ധ്യാപകര്‍ക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

