ജനുവരിയിൽ അംഗൻവാടികൾ തുറക്കും
രാവിലെ 9.30 മുതൽ 12.30 വരെയാണ് പ്രവർത്തനം ക്രമീകരിച്ചിട്ടുള്ളത്
തിരുവനന്തപുരം : സംസ്ഥാനത്തെ അംഗൻവാടികൾ ജനവരി മൂന്ന് മുതൽ തുറക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ - കുരുന്നുകൾ അംഗൻവാടികളിലേക്ക് - എന്ന പേരിൽ പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ സംസ്ഥാന വനിത - ശിശു വികസന വകുപ്പ് പുറത്തിറക്കി. ശനിയാഴ്ചകൾ പ്രവർത്തി ദിവസമായിരിക്കും. 9.30 മുതൽ 12.30 വരെയാണ് പ്രവർത്തനം ക്രമീകരിച്ചിട്ടുള്ളതെന്നാണ് നിർദ്ദേശം.
ആദ്യഘട്ടത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 1.5 മീറ്റർ അകലം പാലിച്ച് വേണം കുട്ടികളെ ഇരുത്താൻ. രക്ഷാകർത്താക്കൾ അംഗൻവാടികളിൽ പ്രവേശിക്കാൻ പാടില്ല.
പതിനഞ്ചിന് മുകളിൽ കുട്ടികളുള്ള അങ്കൻ വാടികളിൽ രക്ഷാകർത്താക്കളുടെ അഭിപ്രായം പരിഗണിച്ച് ബാച്ചായി തിരിക്കാം. ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം എന്നിങ്ങനെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
അതേസമയം ഇനിയൊരു ഉത്തരവ് ലഭിക്കുന്നതുവരെ പ്രീ സ്കൂളുകൾ തുറക്കേണ്ടത്തില്ലെന്ന് സർക്കാർ ഉത്തരവിറക്കി. കോവിഡ് ഒമിക്രോൺ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

