സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകൾ ഇന്നു മുതൽ
എസ്.എസ്.എൽ.സി പരീക്ഷ നാളെയാണ് ആരംഭിക്കുന്നത്.

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നും എസ്.എസ്.എൽ.സി പരീക്ഷ നാളെയും ആരംഭിക്കും. ഹയർ സെക്കൻഡറി പരീക്ഷ 2,005 കേന്ദ്രങ്ങളിലും വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ 389 കേന്ദ്രങ്ങളിലുമാണ് നടക്കുന്നത്. പരീക്ഷാനടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 26 വരെയാണ് പരീക്ഷ.
പരീക്ഷാ നടത്തിപ്പിനായി 2,005 ചീഫ് സൂപ്രണ്ടുമാരെയും 4,015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന തലത്തിലും പ്രാദേശികമായും വിജിലൻസ് സ്ക്വാഡുകളും പ്രവർത്തിക്കും. 4,33,325 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശക്തമായ കോവിഡ് മാനദണ്ഡങ്ങൾ നിലവിലില്ലെങ്കിലും മാസ്കും സാനിറ്റൈസറും പരീക്ഷാ ഹാളുകളിൽ നിർബന്ധമാക്കും.