നടുവണ്ണൂർ ജി എം എൽ പി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ജി എം എൽ പി സ്കൂൾ നടുവണ്ണൂർ വാർഷികാഘോഷവും 30 വർഷത്തെ സേവനത്തിനുശേഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ഉഷ ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സജിന അക്സർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രേംകുമാർ വടകര മുഖ്യാതിഥിയായി. സർവീസിൽ നിന്നും വിരമിക്കുന്ന ഉഷ ടീച്ചർക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. എം. ശശി സമ്മാനിച്ചു. കടവ് പ്രവാസി കൂട്ടായ്മ ഏർപ്പെടുത്തിയ ഉപഹാരം എൻ ഹാരിസ് കൈമാറി.
2020-21 അക്കാദമിക വർഷം എൽഎസ്എസ് വിജയികളായവർക്കുള്ള ഉപഹാരം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സി. സുരേന്ദ്രൻ മാസ്റ്റർ വിതരണം ചെയ്തു. എ. എം. ലൂസി ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ഇ. മുരളീധരൻ മാസ്റ്റർ, പി. വീരാൻ മാസ്റ്റർ, എ. എം. ഗംഗാധരൻ, സത്യൻ കുളിയാപൊയിൽ, എൻ. റഷീദ് മാസ്റ്റർ, എൻ. മുഹമ്മദ് നവാസ്, എൻ. കെ. സലീം, അക്സർ പുതുക്കുടി, എൻ. ഹാരിസ്, യൂസഫ് ഇ. എം, ഷൈജ മുരളി, സനിൽ കെ. എസ്, ബാബു കോട്ടൂർ , റസിയ പി എന്നിവർ സംസാരിച്ചു.
പി. ഉഷ മറുപടി പ്രസംഗം നടത്തി. പിടിഎ പ്രസിഡണ്ട് സതീഷ് എസ് ബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ മുബീർ നന്ദിയും പറഞ്ഞു. വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.