വാഹന തിരക്കിൽ വീർപ്പുമുട്ടി നടുവണ്ണൂർ ടൗൺ
നടുവണ്ണൂർ ടൗണിൽ വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് ട്രൂപ്പിന്റെ സർവേ
നടുവണ്ണൂർ: ഓരോ മൂന്നു സെക്കൻഡിലും ഒരു വാഹനം വീതം കടന്നുപോകുന്ന, ഏറെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമായി നടുവണ്ണൂർ ടൗൺ മാറിയിരിക്കുന്നു. നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ, വാകയാട് സ്കൗട്ട് ട്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ട്രാഫിക് സർവ്വേയിലൂടെയാണ് ഈ കാര്യം ബോധ്യപ്പെട്ടത്. വലിയ തിരക്ക് അനുഭവപ്പെടാത്ത രാവിലെ 10 മണി മുതൽ 11 മണി വരെ യുള്ള ഒരു മണിക്കൂർ സമയമാണ് സർവ്വേക്കായി തിരഞ്ഞെടുത്തത്. ഒരു മണിക്കൂറിൽ 1720 വാഹനങ്ങളാണ് സർവ്വേ സമയം റോഡിലൂടെ കടന്നു പോയത്.
സർവ്വേ കണക്കനുസരിച്ച് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ റോഡിലൂടെ സഞ്ചരിച്ചത്. 1021 ഇരുചക്രവാഹനങ്ങൾ ഈ സമയം റോഡിലൂടെ കടന്നു പോയി. ഇതിൽ 306 കാറുകളും 236 ഓട്ടോറിക്ഷകളും 157 വലിയ വാഹനങ്ങളും ഉൾപ്പെടുന്നു. റോഡ് നിയമങ്ങൾ പാലിക്കാതെ സഞ്ചരിക്കുന്നവർ ഏറെയുണ്ടെന്നും സർവ്വേ ബോധ്യപ്പെടുത്തുന്നു. ഹെൽമറ്റ് ധരിക്കാതെയെത്തിയ 340 പേരുൾപ്പെടെ ഇരുചക്രവാഹനങ്ങളാണ് നിയമലംഘനത്തിൽ മുൻപന്തിയിൽ. സീറ്റ് ബെൽറ്റ് ധരിക്കാത്ത 101 യാത്രക്കാരും, അമിതവേഗതയിൽ സഞ്ചരിച്ച് 15 വാഹനങ്ങളും, തെറ്റായ ദിശയിൽ ഓവർടേക്കിങ് നടത്തിയ 25 വാഹനങ്ങളും സർവ്വേ സമയം കടന്നു പോയി. അനാവശ്യമായി ഹോൺ മുഴക്കിയത് 32 യാത്രക്കാരാണ്.
സർവേയ്ക്കു ശേഷം ഡ്രൈവർമാർ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ ട്രൂപ്പ് അംഗങ്ങൾ ട്രാഫിക് ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. പി. ആബിദ, എം. സതീഷ് കുമാർ, പ്രവിഷ ടി. കെ. എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

