സർക്കാർ - എയ്ഡഡ് സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന് തുടക്കം
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു

കോഴിക്കോട്: വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന് ആരംഭം കുറിച്ചു. സംസ്ഥാനത്തെ മുഴുവൻ സർക്കാർ - എയ്ഡഡ് സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കുമുള്ള യൂണിഫോം വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കാവ് ഗവ: ജിവിഎച്ച്എസ്എസിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
കോവിഡ് പരിമിതിക്കുള്ളിലും അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പുതന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണംചെയ്യാൻ തുടങ്ങി എന്നത് വലിയ നേട്ടമാണെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. വ്യവസായ വാണിജ്യ ഡയറക്ടറേറ്റും കൈത്തറി വസ്ത്ര ഡയറക്ടറേറ്റുമായി ചേർന്നാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 7077 സ്കൂളിലെ ഒന്ന് മുതൽ ഏഴു വരെയുള്ള 9,58,060 കുട്ടികൾക്കാണ് യൂണിഫോം വിതരണം ചെയ്യുന്നത്. 120 കോടി രൂപ ചെലവിട്ട് ആകെ 42.08 ലക്ഷം മീറ്റർ തുണിയാണ് വിതരണം ചെയ്യുന്നത്.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മേയർ ഡോ: ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കലക്ടർ ഡോ: എൻ. തേജ് ലോഹിത് റെഡ്ഡി, ഡിഡിഇ വി. പി. മിനി, കോർപറേഷൻ വിദ്യാഭ്യാസ സമിതി അധ്യക്ഷ സി. രേഖ, കൗൺസിലർ അൽഫോൻസാ മാത്യു, പൊതു വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു, എ. പ്രദീപ് കുമാർ, എ. കെ. അബ്ദുൾ ഹക്കീം, കെ. ബാബു എന്നിവർ സംസാരിച്ചു.