വിദ്യാലയം നാടിന്റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രം- മുഖ്യമന്ത്രി
സ്കൂൾ പ്രവേശനോത്സവങ്ങൾക്ക് വർണാഭമായ തുടക്കം

തിരുവനന്തപുരം : കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന തല പ്രവേശനോത്സവ ത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക യായിരുന്നു മുഖ്യമന്ത്രി. കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടന്നത്. കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളിൽ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. 6 വർഷംകൊണ്ട് പത്തര ലക്ഷം വിദ്യാർഥികൾ പൊതു വിദ്യാലയങ്ങളിൽ കൂടിയിട്ടുണ്ടെന്നും പൊതു വിദ്യാലയങ്ങൾ മാറിയത് നാട് കാണുന്നുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
കേരളത്തിലെ എല്ലാ സ്കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും. വിദ്യാലയം നാടിന്റെ ഏറ്റവും വലിയ മത നിരപേക്ഷ കേന്ദ്രമാണ്. സ്കൂളിൽ ജാതിയോ മതമോ കുഞ്ഞുങ്ങളെ വേർതിരിക്കുന്നില്ല. മത നിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ലോകം ശ്രദ്ധിക്കുന്ന നിലയിലായിട്ടുണ്ട്. കൊവിഡ് കാലത്ത് പോലും നമ്മുടെ വിദ്യാലയങ്ങൾക്ക് ദുർഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുയിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.