പശുക്കടവ്-കുറ്റ്യാടി റൂട്ടില്‍ കുട്ടികളുടെ ദുരിത യാത്ര
ജീപ്പില്‍ കുത്തി നിറച്ച ശേഷം കുട്ടികളെ പിറകില്‍ തൂക്കി നിര്‍ത്തിയാണ് ഓടുന്നത്

കുറ്റ്യാടി: സ്കൂളുകളും കോളേജുകളും തുറന്നതോടെ മലയോര മേഖലയിലെ കുട്ടികള്‍ കടുത്ത യാത്രാ ദുരിതമാണ് അനുഭവിക്കുന്നത്. മലയോര മേഖലയായ പശുക്കടവിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാർഥികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ഈ മേഖലയില്‍ നിന്നുള്ള കുട്ടികള്‍ ഹൈസ്കൂള്‍ മുതല്‍ മേലോട്ടുള്ള ഉപരി പഠനത്തിന് കൂടുതലായി ആശ്രയിക്കുന്നത് മുള്ളന്‍കുന്നിലെയും കുറ്റ്യാടിയിലെയും കോളേജുകളെയും സ്കൂളുകളെയുമാണ്.
ഈ റൂട്ടില്‍ താരതമ്യേന മികച്ച നിലയില്‍ വിശാലമായ റോഡും സൗകര്യങ്ങളുമുണ്ടെങ്കിലും പശുക്കടവ്- കുറ്റ്യാടി റൂട്ടിൽ നാമമാത്രമായ ബസ് സർവ്വീസ് മാത്രമേ ഉള്ളു. അതിനാൽ തന്നെ വിദ്യാർഥികൾ കൂടുതലും ആശ്രയിക്കുന്നത് ജീപ്പ് സർവ്വീസുകളെയാണ്. ബസ് യാത്രയിലുള്ള ഇളവ് ജീപ്പ് യാത്രയില്‍ ലഭിക്കില്ലെന്നതിനാല്‍ യാത്രാ ചെലവിനായി ഓരോ കുട്ടിയും നല്ല പണം ചെലവാക്കണം. ഇങ്ങനെ യാത്ര ചെയ്യാന്‍ അവസരം കിട്ടിയാലും സൗകര്യമായും സുരക്ഷിതമായും യാത്ര ചെയ്യാനാവില്ല.
ജീപ്പില്‍ കുത്തി നിറച്ച ശേഷം കുട്ടികളെ പിറകില്‍ തൂക്കി നിര്‍ത്തിയാണ് ജീപ്പുകള്‍ ഓടുന്നത്. ജീപ്പിൽ തൂങ്ങിപ്പിടിച്ചുള്ള വിദ്യാർഥികളുടെ യാത്ര വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത്. ഈ റൂട്ടില്‍ ആവശ്യത്തിന് ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും ഇനിയും പരിഹാരമായിട്ടില്ല.