ജീവിതത്തിലും എ പ്ലസ് നേടുന്നവരായി വിദ്യാർത്ഥികൾ മാറണം: ഷീജ ശശി
കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എസ്എസ്എൽസി ഉന്നത വിജയികളെ അനുമോദിച്ചു

കുറ്റ്യാടി: പഠനരംഗത്ത് എപ്ലസ് നേടി വിജയം വരിക്കുന്നവർ ജീവിതത്തിലും എപ്ലസ് വിജയം നേടുന്നവരായി തീരുമ്പോഴേ വിദ്യാഭ്യാസം പൂർണ്ണതയിലെത്തുകയുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി. അതിനായി കുട്ടികൾ മൂല്യബോധമുള്ളവരായി മാറണമെന്നും അവർ ആവശ്യപ്പെട്ടു. കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഈ വർഷത്തെ വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനവും പ്രസിഡൻ്റ് നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ സക്കീർ, എസ് എം സി ചെയർമാൻ റഫീഖ് വി. കെ, ഹെഡ് മാസ്റ്റർ രാജൻ തുണ്ടിയിൽ, അസീസ് കുനിയേൽ, ആബിദ, സുനിത പി. കെ, ഗിരീഷ് കുമാർ ടി, മധുസദനൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.