കുറ്റ്യാടി ഗവ.ഹൈസ്‌കൂളിന്റെ 'തിരികെ' ഷോർട് ഫിലിം പുരസ്കാരത്തിളക്കത്തിൽ
എസ് സി ഇ ആർ ടി സംഘടിപ്പിച്ച ഷോർട് ഫിലിം മത്സരത്തിലാണ് 'തിരികെ'യ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.

കുറ്റ്യാടി: കുറ്റ്യാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വീ വിൻ ഗ്രൂപ്പിലെ മുപ്പതോളം വിദ്യാർത്ഥികൾ സാക്ഷാത്കരിച്ച ലഹരിക്കെതിരെയുള്ള 'തിരികെ' എന്ന അമച്വർ ഷോർട്ട് ഫിലിം
കേരള സർക്കാരിന്റെ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി സംഘടിപ്പിച്ച ഷോർട് ഫിലിം മത്സരത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ലഹരിയ്ക്കടിമപ്പെട്ട അച്ഛൻ സൃഷ്ടിക്കുന്ന മാനസികപീഢനങ്ങളെ കൂട്ടുകാരുടെയും സ്കൂൾ കൗൺസിലറുടെയും പിന്തുണയോടെ അതിജീവിക്കുകയും തുടർന്ന് ലഹരിയ്ക്കെതിരെ മികച്ച സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാര ജേതാവാവുകയും ചെയ്യുന്ന അഞ്ജന എന്ന പെൺകുട്ടിയുടെ കഥയാണ് 'തിരികെ' പറയുന്നത്.
പ്രധാന കഥാപാത്രങ്ങളായി നീലാംബരി, സേതുലക്ഷ്മി,
റീഹാനൗറിൻ, ഋതുവർണ്ണ, നിവേദ്യ.ആർ, ദേവതീർത്ഥ, ലുലുഷഹീർ, ശ്രാവണ, അർച്ചന എന്നിവർ വേഷമിട്ട കുഞ്ഞു സിനിമയുടെ മറ്റ് പിന്നണി പ്രവർത്തകർ നക്ഷത്ര സാജൻ,ഘനശ്യാം, തരുൺ കൃഷ്ണ,അവിനാശ് കൃഷ്ണ എന്നിവരാണ്. സംവിധാനം കാളിദാസും എഡിറ്റിംഗ് അഭയ് മാനസും നിർവഹിച്ച 'തിരികെ' ഹ്രസ്വചിത്രത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയത് വീ വിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതി കോർഡിനേറ്റർമാരായ എൻ.പി.പ്രേംരാജ്, കെ.എ.രേഖ എന്നിവരാണ് .
തിരക്കഥാരചന മുതൽ ഡബ്ബിങ് വരെ കുട്ടികളുടെ പൂർണ്ണപങ്കാളിത്തത്തോടെ, സ്കൂളിലെ സാങ്കേതിക പിന്തുണ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് നടന്നു എന്നത് ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.