പനങ്ങാട് സൗത്ത് എ യുപി സ്കൂളിൽ ഹിരോഷിമ നാഗസാക്കി - കിറ്റിന്ത്യ ദിനാചരണം
പ്രധാന അധ്യാപകനായ ആഷാമോഹൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: പനങ്ങാട് സൗത്ത് എ യുപി സ്കൂളിൽ ഹിരോഷിമ നാഗസാക്കി - കിറ്റിന്ത്യ ദിനം സമുചിതമായി ആചരിച്ചു. സോഷ്യൽ സയൻസ് കോഡിനേറ്റർ മനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രധാന അധ്യാപകനായ ആഷാമോഹൻ ഉദ്ഘാടനം ചെയ്തു.
ബ്രിട്ടീഷുകാരുടെ ക്രൂരവും പൈശാചികവുമായ ഭരണത്തിൽ നിന്നും ഇന്ത്യയെ വിമുക്തമാക്കി സ്വാതന്ത്ര്യം നേടിത്തരാൻ പ്രയത്നിച്ച ധീര ദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് കിറ്റിന്ത്യ സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഈ ചടങ്ങിന് സാധിച്ചു. സ്റ്റാഫ് സെക്രട്ടറി സുജേഷിൻ്റെ നേതൃത്വത്തിൽ 'ധീരമായ സമരമുഖങ്ങളിലൂടെ നടന്നുപോയ നാൾവഴികൾ ' എന്ന ഡോക്യുമെന്ററി പ്രദർശനം നടത്തി. കായിക അധ്യാപകൻ റഷീദ് കുട്ടികൾക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
യുപി വിഭാഗം കുട്ടികൾക്കായി പ്രസംഗ മത്സരവും പ്രബന്ധ അവതരണമത്സരവും നടത്തി. 'യുദ്ധമേ വിട' എന്ന വിഷയത്തിൽ നടത്തിയ പ്രസംഗം മത്സരത്തിൽ ലസിൻ അഹമ്മദിന് ഒന്നാം സ്ഥാനം ലഭിച്ചു. 'യുദ്ധത്തിന്റെ പരിണിതഫലങ്ങൾ' എന്ന പ്രബന്ധ അവതരണത്തിൽ ശ്രീഹരി, ഹരിനന്ദ്, ഹനാ ഫാത്തിമ എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. എൽ പി വിഭാഗത്തിൽ ഹിരോഷിമ ദിന പ്രശ്നോത്തരി മത്സരം നടത്തി.