സ്വാതന്ത്ര്യസമരത്തിൻ്റെ ആവേശം മുതിർന്നവരിൽ നിന്നുമറിഞ്ഞ് കുരുന്നുകൾ
പനങ്ങാട് സൗത്ത് എ യു പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര സേനാനികളെ സന്ദർശിച്ചു

ബാലുശ്ശേരി: പനങ്ങാട് സൗത്ത് എ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ആളുകളുമായി നടത്തിയ സംവാദം ഏറെ വ്യത്യസ്തത പുലർത്തി. സമീപപ്രദേശത്തെ 80 വയസ്സിന് മുകളിൽ വരുന്ന അഞ്ചുപേരുടെ വീടുകളിൽ ചെന്ന് അവരെ ആദരിച്ചുകൊണ്ടാണ് സംഗമം നടത്തിയത്.
പ്രധാനാധ്യാപകനായ ആശാമോഹന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ഗ്രൂപ്പുകളായി തിരിഞ്ഞ് ചോദ്യാവലി തയ്യാറാക്കിയാണ് വീടുകളിൽ എത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ തങ്ങിനിൽക്കുന്ന കാലഘട്ടത്തിൽ ജീവിച്ച കെ. ദാമോദരൻ മാസ്റ്റർ, സി. കെ. മൊയ്തീൻ കോയമാസ്റ്റർ, കരുണൻ വൈദ്യർ, കുഞ്ഞിരാമൻ വൈദ്യർ, ഉണ്ണികൃഷ്ണൻ മാരാർ എന്നിവരുടെ വീടുകൾ സന്ദർശിച്ചു.
സ്വാതന്ത്ര്യ സമരത്തിന്റെ അഭിനിവേശം നിറഞ്ഞ വാക്കുകളും ധീര ദേശാഭിമാനികളുടെ കഥകളും ദേശചരിത്ര ഗാനങ്ങളും കുട്ടികളെ ആവേശഭരിതരാക്കി.