അറിവിന്റെ വ്യാപനം ഉറപ്പുവരുത്തണം: മന്ത്രി എം. ബി രാജേഷ്
മേഖലാ തല വിജ്ഞാനോത്സവം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: അറിവിന്റെ വ്യാപനം ഉറപ്പു വരുത്തണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി രാജേഷ്. ലോകവിജ്ഞാനത്തെ സമഗ്രമായി സമാഹരിച്ച് ഭാഷയെ സമ്പുഷ്ടമാക്കുന്നതിൽ വലിയ പങ്കാണ് കേരള സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് വഹിക്കുന്നതെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു. കോഴിക്കോട് മേഖലാ തല വിജ്ഞാനോത്സവം കെ. പി. കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സംസ്ഥാന സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി വിജ്ഞാനോത്സവം എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വൈജ്ഞാനിക ആഘോഷ പരിപാടികളാണ് സംഘടിപ്പി ക്കുന്നത്. സംസ്ഥാനതല വിജ്ഞാനോത്സവത്തിന് പുറമേ പതിനാല് ജില്ലകളെ നാല് മേഖലകളായി തിരിച്ച് മേഖലാതല വിജ്ഞാനോത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളെ ഉൾപ്പെടുത്തിയുള്ള കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.
വിജ്ഞാനത്തിന്റെ ഒരു ഉൽപ്പന്നമാണ് നമ്മളെന്നും ജീവിച്ചിരിക്കുന്നതുതന്നെ വിജ്ഞാനകോശങ്ങളിലാണെന്നും മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു.തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ അദ്ധ്യക്ഷനായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് മുഖ്യാതിഥിയായി.