പ്രൊവിഡൻസ് സ്കൂളിലേക്ക്എസ്.കെ. എസ്.എസ്.എഫ് പ്രതിഷേധ റാലി നടത്തി
റാലി ഹിജാബ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്

കോഴിക്കോട്: പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിജാബ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എസ്. കെ. എസ്. എസ്. എഫ് ജില്ലാ കമ്മിറ്റി പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളുടെ അന്തസ്സ്, സ്വകാര്യത, വിദ്യാഭ്യാസം തുടങ്ങിയ മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം മാർച്ച് നടത്തിയ നേതാക്കൾക്കെതിരേ വഴി തടസ്സപ്പെടുത്തി ഗതാഗത തടസ്സം സൃഷ്ടിച്ചു എന്നു പറഞ്ഞ് പൊലീസ് കേസും രജിസ്റ്റർ ചെയ്തു. സംസ്ഥാന സെക്രട്ടറി ഒ. പി. എം അഷറഫ് ജില്ലാ ജനറൽ സെക്രട്ടറി പി. അലി അക്ബർ മുക്കം, ജില്ലാ വർക്കിംഗ് സെക്രട്ടറി റാഷിദ് കാക്കുനി, ജില്ല ട്രഷറർ ഫൈസൽ ഫൈസി മടവൂർ, ജില്ലാ വൈസ് പ്രസിഡണ്ട് ത്വാഹാ യമാനി നല്ലളം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജുനൈദ് മാങ്കാവ് എന്നിവർക്കെതിരെയാണ് കേസ്.
സ്കൂൾ അധികൃതർ ഹിജാബ് വിലക്കിയതിനെ തുടർന്ന് വിദ്യാർഥിനിക്ക് കഴിഞ്ഞ ദിവസം ടി. സി. വാങ്ങേണ്ടി വന്നിരുന്നു. രക്ഷിതാവ് വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്. കെ. എസ്. എസ്. എഫ് സ്കൂളിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.