കുറ്റ്യാടി സ്കൂൾ പിടിഎ തെരെഞ്ഞെടുപ്പിന് പൊതു തെരെഞ്ഞെടുപ്പിന്റെ വീറും വാശിയും
പി. ടി എയുടെ പുതിയ ഭാരവാഹികളെ വോട്ടിംഗിലൂടെ തിരഞ്ഞെടുത്തു

കുറ്റ്യാടി: മുന്നണികളും മുന്നണികൾ ക്കുള്ളിലെ കുറു മുന്നണികളും ചേരിതിരിഞ്ഞ് മത്സരിക്കാറുള്ള കുറ്റ്യാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. ജനറൽ ബോഡി ഇത്തവണ നടന്നത് പൊതു തെരെഞ്ഞെടുപ്പിന്റെ വീറും വാശിയും പകർന്ന്. കഴിഞ്ഞ ദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് സ്കൂളിലെ 2022-23 വർഷത്തെ പി. ടി എയുടെ പുതിയ ഭാരവാഹികളെ വോട്ടിംഗിലൂടെ തിരഞ്ഞെടുത്തു.
കഴിഞ്ഞ ഒരാഴ്ചയായി നാട്ടിലെ പൊതു തിരഞ്ഞെടുപ്പിനെ വെല്ലും വിധം ഇരു വിഭാഗങ്ങളായി തിരിഞ്ഞ് സ്വന്തം പക്ഷത്തിന്റെ നില ഭദ്രമാക്കാനുള്ള പ്രയത്നത്തിലായിരുന്നു പലരും. ഇതിനിടെ രണ്ട് ചേരിയിലും പെടാത്തവരും രംഗത്തുവന്നു. തുടർന്ന് തിരഞ്ഞെടുപ്പ് മാത്രമാണ് പോം വഴിയെന്ന ഘട്ടത്തിൽ എത്തുകയും സ്കൂൾ അധികാരികളുടെ പ്രത്യേക നിർദ്ദേശങ്ങൾക്കനുസരിച്ച് ബാലറ്റ് പേപ്പറിലുടെ വോട്ട് രേഖപ്പെടുത്തുക യായിരുന്നു.
രണ്ട് വിഭാഗത്തിലുമായി പതിനൊന്നു വീതം സ്ഥാനാർത്ഥി കളെയും രണ്ട് പാനലിലും പെട്ട ഒരു സ്ഥാനാർത്ഥിയും പാനലുകളോട് ബന്ധമില്ലാത്ത ചിലരും മത്സര രംഗത്ത് നില ഉറപ്പിച്ചതോടെ വോട്ടിംഗ് നിർബന്ധമായത്. വോട്ടിങ്ങ് മുന്നിൽ കണ്ട് അദ്ധ്യാപകർ പോളിംഗിനായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. വോട്ടെടുപ്പിലൂടെ 21 അംഗ എക്സ്ക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. വി.വി. അനസിനെ പി. ടി. എ പ്രസിഡന്റായും സാലിം വി. സിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.