ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെമിനാർ തുടക്കമായി
സെമിനാർ കാലാവസ്ഥ ഉച്ചകോടി സമ്മേളനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച്
കോഴിക്കോട് :ശാസ്ത്രസാഹിത്യ പരിഷത്ത് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാലാവസ്ഥ ഉച്ചകോടി സ്റ്റോക്ക് ഹോം സമ്മേളനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് പാരിസ്ഥിതി ഇടപെടലുകളുടെ 50 വർഷങ്ങൾ എന്ന വിഷയത്തിൽ സംസ്ഥാന സെമിനാറിന് തുടക്കമായി. മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ‘കാലാവസ്ഥ വ്യതിയാനവും അതിജീവനവും’ വിഷയത്തിൽ സിഡബ്ല്യൂആർഡിഎം ഡയറക്ടർ ഡോ. മനോജ് സാമുവൽ പ്രഭാഷണം നടത്തി. ലോക താപനില ഈ ദശകത്തിൽ രണ്ട് ഡിഗ്രിയോടടുത്ത് വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദശകത്തിൽ ചൂട് 0.08 ഡിഗ്രി എന്ന നിരക്കിലാണ് വർധിക്കുന്നത്. ഇതും വലിയ തോതിൽ ഉയരുകയാണെന്നും അദ്ദഹം പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. പ്രൊഫ. ടി പി .കുഞ്ഞിക്കണ്ണൻ ആമുഖ അവതരണം നടത്തി.പ്രൊഫ. എം കെ പ്രസാദ്–- കൊടക്കാട് ശ്രീധരൻ അനുസ്മരണത്തിൽ പ്രൊഫ. സി പി നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. കെ ശ്രീധരൻ രചിച്ച ‘കാലാവസ്ഥാ മാറ്റം അറിയേണ്ടതും ചെയ്യേണ്ടതും’ പുസ്തകം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശിപ്പിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പ്രൊഫ. കെ ശ്രീധരൻ, ഡോ. ഹരിലാൽ, ബി രമേഷ് എന്നിവർ സംസാരിച്ചു. പി കെ ബാല കൃഷ്ണൻ സ്വാഗതവും എൻ ശാന്തകുമാരി നന്ദിയും പറഞ്ഞു. ഞായറാഴ്ച ‘കാലാവസ്ഥ വ്യതിയാനവും കേരളവും’ വിഷയത്തിൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ സെഷനുകളിലായി രാവിലെ മുതൽ സെമിനാറുകൾ നടക്കും.

