നടുവണ്ണൂർ ഗവൺമെൻറ് സ്കൂൾ പിടിഎ തെരഞ്ഞെടുക്കാൻ ഇന്ന് വോട്ടെടുപ്പ്
പഠന നഷ്ടത്തിൽ കുട്ടികൾ ;ജോലിഭാരത്തിൽ അധ്യാപകർ

നടുവണ്ണൂർ:രക്ഷിതാക്കൾ ഒന്നിച്ചു നിന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയെന്ന ദൗത്യം നിർവഹിക്കപ്പെടേണ്ട പിടിഎ സമിതിയിലേക്കെത്താൻ ചേരി തിരിഞ്ഞ് മത്സരിക്കുന്ന അത്യന്തം ദൗർഭാഗ്യകരമായ സ്ഥിതിക്ക് ഇന്ന് നടുവണ്ണൂർ ഗവ.ഹൈസ്കൂൾ സാക്ഷിയാകും. സംസ്ഥാനത്തെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി ഉയർന്നു കൊണ്ടിരിക്കുന്ന നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ ജനറൽബോഡി നയിക്കുന്നതിനുള്ള കമ്മിറ്റി തെരഞ്ഞെടുപ്പാണ് കേരളപ്പിറവി ദിനമായ ഇന്ന് നടക്കുന്നത്. നേരത്തെ നടന്ന യോഗത്തിൽ ഭാരവാഹി തിരഞ്ഞെടുപ്പ് മാത്രം അഭിപ്രായ വ്യത്യാസം മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുക യായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന ലക്ഷ്യത്തിൽ, പ്രത്യക്ഷത്തിൽ പാർട്ടിയുടെയോ മുന്നണിയുടെ പേര് പറയാതെ പാനൽ അവതരിപ്പിച്ച് മത്സരിക്കാനാണ് ഇവിടെ പ്രധാന കക്ഷികൾ ഒരുങ്ങുന്നത്. പൊതു തെരഞ്ഞെടുപ്പ് രീതിയിൽ പോസ്റ്ററുകൾ ഇറക്കിയും വീടുകയറി വോട്ടുപിടിച്ചും ഓരോ പക്ഷവും വിദ്യാലയത്തെ രാഷ്ട്രീയ കളരിയാക്കാൻ മത്സരിക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. പാഠ്യപദ്ധതി ചട്ടക്കൂട് ചർച്ച, ലഹരി വിമുക്ത പരിപാടികൾ, വിവിധങ്ങളായ മേളകൾ എല്ലാം തകൃതിയായി നടക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച നടക്കുന്ന തെരെഞ്ഞെടുപ്പിനായി അധ്യാപകർ ഒരുങ്ങേണ്ടത്.
പൊതുവേയുള്ള ജോലികൾക്കപ്പുറം സ്കൂളിലെ രക്ഷിതാക്കളുടെ വകയായി മറ്റൊരു പ്രധാന ജോലി കൂടി ഇവിടെ അധ്യാപകരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നു. വോട്ടെടുപ്പ് നിഷ്പക്ഷവും നീതി പൂർവ്വമാക്കുന്നതിന് വേണ്ടി ദിവസങ്ങളായി സ്കൂൾ അധികൃതർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. തെരെഞ്ഞെടുപ്പിനായി ഒരു ദിവസം കൂടി മാറ്റി വെക്കേണ്ടി വന്നപ്പോൾ കുട്ടികൾക്ക് പഠിക്കേണ്ട വിലപ്പെട്ട സമയം കൂടിയാണ് രക്ഷിതാക്കളുടെ പിടിവാശി മൂലം നഷ്ടപ്പെടുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തെയും പഠിപ്പ് മുടക്കിനെയുമെല്ലാം എതിർക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രക്ഷിതാക്കൾ കുട്ടികളുടെ പേരിൽ സ്ഥാനമാനങ്ങൾക്കായി സ്കൂളിൽ വന്ന് രാഷ്ട്രീയമായി മത്സരിക്കുന്നതിന് ഒരു ന്യായീകരണവും മതിയാവില്ല.