കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ മനുഷ്യശൃംഖല തീർത്ത് വിദ്യാർത്ഥികൾ
പരിപാടിയിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി
വടകര: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വടകര ഗവ: സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മനുഷ്യശൃംഖല തീർത്തു. സ്കൂളിനടുത്തുള്ള പുതിയാപ്പ് ടൗണിലാണ് അരക്കിലോമീറ്ററോളം നീളത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പ്ലക്കാഡുകളും ബാനറുമായി ലഹരിവിരുദ്ധ മനുഷ്യശൃംഖലയുടെ ഭാഗമായി അണിനിരന്നത്.
വ്യക്തികളെയും കുടുംബങ്ങളെയും ആരോഗ്യപരമായും സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും നശിപ്പിക്കുന്ന ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പാൾ കെ. ബേബി, സ്റ്റാഫ് സെക്രട്ടറി ടി. എം. മോഹനകൃഷ്ണൻ, സൗഹൃദ ക്ലബ് കൺവീനർ രജില കെ. ടി. കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജിത്കുമാർ വി. കെ, വിമുക്തി ക്ലബ് കൺവീനർ എൻ. പി. സുസ്മിത എന്നിവർ നേതൃത്വം നൽകി.

