അൺ എയ്‌ഡഡ് അധ്യാപകരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തും
വനിതാ കമ്മീഷനിൽ വരുന്ന പരാതികളേറെയും അൺ എയ്ഡഡ് അധ്യാപകരുടേത്

കോഴിക്കോട്:അൺ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ജോലിയെടുപ്പിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.അദാലത്തിൽ 20 പരാതി തീർപ്പാക്കി. 63 പരാതിയാണ് കമീഷന് മുമ്പാകെ എത്തിയത്. 41 പരാതി അടുത്ത അദാലത്തിൽ പരിഗണിക്കും.
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും വിവേചനങ്ങളും പരാതികളായി ലഭിച്ചു. അൺ എയ്‌ഡഡ് സ്ഥാപനങ്ങളിലെ അധ്യാപികമാർ നേരിടുന്ന ചൂഷണങ്ങളാണ് ഇവയിലേറെയും. ആവശ്യമായ പരിരക്ഷ ഉറപ്പുവരുത്താതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും ജോലിചെയ്യിപ്പിക്കുന്ന സാഹചര്യവുമുണ്ട്. തൊഴിൽ സ്ഥിരതയില്ലായ്മ, നാമമാത്രമായ വേതനം, അകാരണമായ പിരിച്ചുവിടൽ തുടങ്ങിയ പ്രശ്‌നങ്ങളാണ് പരാതിയായി ലഭിച്ചത് – അവർ പറഞ്ഞു. രണ്ട് പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടും. അഭിഭാഷകരായ ഇന്ദിര രവീന്ദ്രൻ, സീനത്ത്, ലിസി, ഷരൺ പ്രേം, കൗൺസിലർമാരായ എം സബിന, സി അവിന, കെ സുദിന, സുനിഷ തുടങ്ങിയവർ പങ്കെടുത്തു.