കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു
കോഴിക്കോട്ടെ കലോത്സവം ഇത് എട്ടാം തവണ
കോഴിക്കോട്:കോവിഡ് പ്രതിസന്ധി കാലത്തിനു ശേഷം വീണ്ടും എത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഏഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നായ 61ാമത് സംസ്ഥാന സ്‌കൂൾ കലാമാമാങ്കത്തിന് കോഴിക്കോട് സ്വാഗതസംഘം രൂപീകരിച്ചു. ജനുവരി മൂന്നുമുതൽ ഏഴുവരെ നഗരത്തിൽ 24 വേദികളിലായി നടക്കുന്ന കലാമാമാങ്കത്തിൽ 239 മത്സര ഇനങ്ങളിലായി 14,000പേർ മാറ്റുരയ്‌ക്കും. സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്
അടുത്തവർഷം മുതൽ കലോത്സവ വിജയികളുടെ സമ്മാനത്തുക വർധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. കലോത്സവത്തിൽ അപ്പീലുകളും കോടതി വിധികളുമേറുന്ന പ്രവണത മാറ്റാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയർമാനായും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി എ സന്തോഷ് ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. എ ഷീലാ കുമാരിയാണ് ട്രഷറർ. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയാണ് വർക്കിങ് ചെയർമാൻ. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് വൈസ് ചെയർമാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു ജനറൽ കോ. ഓർഡിനേറ്ററും ഡോ. എ ആർ സുപ്രിയ, അൻവർ സാദത്ത് എന്നിവർ ജോയിന്റ് ജനറൽ കോ. ഓർഡിനേറ്റർമാരുമാണ്.
ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രി എ കെ ശശീന്ദ്രൻ വിശിഷ്‌ടാതിഥിയായി. മേയർ ഡോ. ബീന ഫിലിപ്പ്, എം കെ രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി എ സന്തോഷ് എന്നിവർ സംസാരിച്ചു.

