രാമല്ലൂർ ഗവ: എൽ.പി സ്കൂളിൽ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. ബാബു ഉദ്ഘാടനം നിർവഹിച്ചു

നൊച്ചാട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 'ഹരിത സമൃദ്ധി - വിഭവ സമൃദ്ധി' എന്ന പേരിൽ സ്കൂളുകളിൽ നടപ്പാക്കുന്ന പച്ചക്കറിത്തോട്ടങ്ങളുടെ നടീൽ ഉദ്ഘാടനം രാമല്ലൂർ ഗവ: എൽ.പി സ്കൂളിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. ബാബു നിർവഹിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
ജൈവകർഷകൻ യു. കെ. ദാമോദരൻ നായരെ ചടങ്ങിൽ ആദരിച്ചു. പേരാമ്പ്ര ബ്ലോക്ക് നൊച്ചാട് ഡിവിഷൻ മെമ്പർ പ്രഭാ ശങ്കർ, ആർ. ബിന്ദു (എ.ഡി.എ പേരാമ്പ്ര), അശ്വതി ഹർഷൻ (കൃഷി ഓഫീസർ, നൊച്ചാട്), സൂര്യ (എൻ.എം.ഒ പേരാമ്പ്ര), കെ. ബഷീർ, സി. ഗംഗാധരൻ, യു. കെ. ശശി തുടങ്ങിയവർ ആശംസകൾ നേർന്നു. കനിക്ലബ്ബ് കൺവീനർ സയീദ് പദ്ധതി വിശദീകരണം നടത്തി.
അര ഏക്കർ സ്‌ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്. അഗ്രി ക്ലിനിക്കിന്റെ സഹായത്തോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ പറമ്പിൽ നിന്നും ശേഖരിച്ച മണ്ണ് പരിശോധന നടന്നു. ഹെഡ് മിസ്ട്രസ് എം. കെ. സിന്ധു സ്വാഗതവും പി.ടി.എ പ്രസിഡന്റ് സ്വപ്നേഷ് നന്ദിയും പറഞ്ഞു.