ഗീത ടീച്ചർ ഇനി ബാലുശ്ശേരി എ ഇ ഒ ; മുനാസ് മാസ്റ്റർ നടുവണ്ണൂർ സ്കൂൾ പ്രധാന അധ്യാപകനാകും
ബാലുശേരിയിൽ നിലവിലുള്ള എ.ഇ.ഒ ചേവായൂരിലേക്ക് മാറും

നടുവണ്ണൂർ: ബാലുശ്ശേരി സ്വദേശിയായ പി ഗീത ടീച്ചർക്ക് ബാലുശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫീസർ ആയി സ്ഥലംമാറ്റം ലഭിച്ചു. നിലവിൽ കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപികയാണ്. ദീർഘകാലം ബാലുശ്ശേരി ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക യായിരുന്നു. 2017 ൽ പ്രധാനാദ്ധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചു. എറണാകുളം ജില്ലയിലെ തിരുമാറാടി ഹൈസ്കൂളിലും മലപ്പുറം ജില്ലയിലെ ചേളാരി ജീവിഎച്ച്എസ്എസ് ലും പ്രധാന അധ്യാപികയായിരുന്ന ശേഷമാണ് കൊടുവള്ളിയിലെത്തുന്നത്. പ്രധാന അധ്യാപിക എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗീത ടീച്ചർക്ക് ജനറൽ ട്രാൻസ്ഫറിന് ശേഷമുള്ള ഹയർ ഓപ്ഷൻ ട്രാൻസ്ഫറിലൂടെയാണ് ബാലുശ്ശേരിയിൽ സ്ഥലം മാറ്റം ലഭിച്ചത്. ബാലുശ്ശേരിയിൽ നിലവിൽ എ.ഇ.ഒ ആയിരുന്ന ശ്യാംജിത്ത് മാസ്റ്റർ ചേവായൂരിലേക്കും മാറിയിട്ടുണ്ട്.
ഉള്ളിയേരി മാമ്പൊയിൽ സ്വദേശിയായ മുനാസ് മാസ്റ്റർക്ക് നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററായി സ്ഥലം മാറ്റം ലഭിച്ചു. നിലവിൽ മലപ്പുറം ജില്ലയിൽ കല്പകഞ്ചേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു. 1991 വയനാട്ടിലെ മുട്ടിൽ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായാണ് തുടക്കം. തുടർന്ന് കോഴിക്കോട് ജില്ലയിൽ ഗവൺമെൻറ് സർവീസിൽ ജോലിയിൽ പ്രവേശിച്ച ശേഷം കൊയിലാണ്ടി മാപ്പിള ജിഎച്ച്എസ്എസ്, കാരപ്പറമ്പ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ ദീർഘകാലം ഗണിതശാസ്ത്രം അധ്യാപകനായി ജോലി ചെയ്തു. പിന്നീട് ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്സിൽ സീനിയർ ടീച്ചറായി കക്കോടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിയമിതനായി. ഇവിടെ നിന്നും സ്ഥാനക്കയറ്റം ലഭിച്ചാണ് കോട്ടയം ജില്ലയിൽ ഹെഡ്മാസ്റ്ററായി നിയമിതനായത്. പിന്നീട് തൃശ്ശൂർ ജില്ലയിലും മലപ്പുറം ജില്ലയിലും ജോലി ചെയ്ത ശേഷമാണ് ഇപ്പോൾ നാട്ടിനടുത്തുള്ള നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകനാകുന്നത്. പഴയ ലാവണത്തിൽ നിന്നും വിടുതൽ ചെയ്ത് ബുധനാഴ്ചയോടെ ഇരുവരും ജോലിയിൽ പ്രവേശിക്കും എന്നാണ് അറിയുന്നത്.