മേമുണ്ട ഹൈസ്കൂൾ അവതരിപ്പിച്ച നാടകത്തിനെതിരെ പ്രതിഷേധം
ഹിന്ദു ഐക്യവേദി പ്രവർത്തകർ ഡി ഇ ഓ ഓഫീസ് മാർച്ച് നടത്തി
വടകര: ജില്ല സ്കൂൾ കലോത്സവത്തിലെ നാടകത്തെക്കുറിച്ച് വിവാദം. വടകരയിൽ നടന്ന കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോത്സവത്തിൽ സ്കൂൾ വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച നാടകത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രവർത്തകർ രാജ്യ വിരുദ്ധത ആരോപിച്ച് ഡിഇഒ ഓഫീസ് മാർച്ച് നടത്തി. നാടകം പാക്കിസ്ഥാനെ അനുകൂലിക്കുന്നു വെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നാടകത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്ന് മാർച്ചിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യ വേദി സംസ്ഥാന നേതാവ് രാജേഷ് നാദാപുരം മാർച്ച് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖല പ്രസിഡണ്ട് എം ബാലകൃഷ്ണൻ അധ്യക്ഷനായി. വിശ്വഹിന്ദു പരിഷത്ത് ജില്ലാ ട്രഷറർ സതീശൻ സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി സുരേഷ് സ്വാഗതവും ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി അംഗം സത്യൻ വള്ളിക്കാട് നന്ദിയും പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സതീഷ് മലപ്പുറം, വിഎച്ച്പി ജനറൽ സെക്രട്ടറി ഷൈജു കല്ലേരി എന്നിവർ നേതൃത്വം നൽകി

