'നന്നായി വളരാൻ' പലഹാരമേളയുമായി രാമല്ലൂർ സ്കൂൾ
ബേക്കറി , ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ ഒരു പ്രതിരോധമായിരുന്നു മേളയുടെ ലക്ഷ്യം.
പേരാമ്പ്ര : ഒന്നാം ക്ലാസിലെ നന്നായി വളരാൻ എന്ന പാഠത്തെ അവലംബിച്ച് രാമല്ലൂർ ഗവ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളും രക്ഷിതാക്കളും ഒരുക്കിയ പലഹാരമേള ശ്രദ്ധേയമായി. ആരോഗ്യത്തിന് ഹാനികരമായ ബേക്കറി , ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ ഒരു പ്രതിരോധമായിരുന്നു മേളയുടെ ലക്ഷ്യം.
പുതു തലമുറ കണ്ടിട്ടില്ലാത്ത നാനാതരം നാടൻ പലഹാരങ്ങൾ കുട്ടികൾക്കു കൗതുകമായി. പരമ്പരാഗത രുചിക്കൂട്ടുകളെ തിരിച്ചു പിടിക്കാൻ അമ്മമാർ നടത്തിയ ശ്രമങ്ങൾ രസമുകുളങ്ങളെ ത്രസിപ്പിച്ചു. കലത്തപ്പം, കള്ളപ്പം, നെയ്യപ്പം, ഉണ്ണിയപ്പം, കായപ്പോള, പഴം പൊരി ഇങ്ങനെ രൂപത്തിലും രുചിയിലും പലഹാരങ്ങളുടെ പട്ടിക നീണ്ടു. വ്യത്യസ്ത വീടുകളിൽ നിന്ന് കൊണ്ടുവന്ന പലഹാരങ്ങൾ പങ്കു വെച്ചത് ഒരുമയുടെ ഉണർത്തുപാട്ടായി .
മേളകളെ മാമാങ്കമാക്കുന്ന രാമല്ലൂരിലെ രക്ഷിതാക്കൾ പലഹാര മേളയും മധുരിക്കുന്ന ഒരു അനുഭൂതിയാക്കി.

