മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു
മുഖ്യമന്ത്രിയുടെ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാ കേരള വഴി ഒരുക്കിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ നിർവഹിച്ചു.
മേപ്പയൂർ: പ്രാദേശികമായ കാലാവസ്ഥാ മാറ്റം നിർണ്ണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാ പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും മേപ്പയ്യൂരിൽ ഇനി വിദ്യാർത്ഥികളുണ്ടാകും. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.
മുഖ്യമന്ത്രിയുടെ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒരുക്കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം വഴിയാണ് പദ്ധതി നടപ്പാക്കിയത്. 80,000 ത്തോളം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പദ്ധതി യാഥാർത്ഥ്യമായതോടെ
ഒരു ദിവസത്തെ കൂടിയതും കുറഞ്ഞതുമായ താപനില അന്തരീക്ഷ ആർദ്രത, കാറ്റിൻ്റെ ദിശ, കാറ്റിൻ്റെ വേഗത, മഴയുടെ അളവ് എന്നീ കാലാവസ്ഥാ ഘടകങ്ങൾ വിദ്യാർത്ഥികൾ സ്വയം നിരീക്ഷിച്ച് രേഖപ്പെടുത്തും. ഒരു പ്രദേശത്തിൻ്റെ സൂക്ഷ്മ കാലാവസ്ഥ നിരന്തരം നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും, കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അവസരം ഒരുക്കുന്നു.
ചടങ്ങിൽ മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ സജീഷ് നാരായണൻ പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മേലടി ബി.ആർ.സി ബി.പി.സി വി അനുരാജ്, അധ്യാപകർ, പി ടി എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പാൾ എം സക്കീർ സ്വാഗതവും അധ്യാപിക വി.ആർ അനുഷ നന്ദിയും പറഞ്ഞു.

