ചങ്ങരോത്ത് പഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം 'ഹൃദ്യം' സംഘടിപ്പിച്ചു
ദേശീയ ചിത്രരചനാ വിജയി അമൻ പാഷ കക്കോടി ഗായികമാരായ അനഘ, ദേവനശ്രീയ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം 'ഹൃദ്യം' സംഘടിപ്പിച്ചു. പന്തിരിക്കര ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. ദേശീയ ചിത്രരചനാ വിജയി അമൻ പാഷ കക്കോടി ചിത്രം വരച്ചു കൊണ്ടും, ഗായികമാരായ അനഘ, ദേവനശ്രീയ എന്നിവർ ഗാനങ്ങളാലപിച്ചു കൊണ്ടും ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻഡ് ഉണ്ണി വേങ്ങേരി അധ്യക്ഷനായിരുന്നു. ജി രവി , ഡോ. ആനന്ദൻ , പഞ്ചായത്ത് മെമ്പർ അബ്ദുല്ല സൽമാൻ , പാളയാട്ട് ബഷീർ എന്നിവർ സംസാരിച്ചു.
വീടിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന പൂർണ്ണമായും പരസ്സഹായം ആവശ്യമായവരും ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുമടക്കം 85 ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് പരിപാടിയിൽ സംബന്ധിച്ചത്. അവരെ സഹായിക്കാനും , പ്രോത്സാഹിപ്പിക്കാനുമായി വലിയൊരു സംഘം നാട്ടുകാരും കലോത്സവ വേദിയിലെത്തി. പരിമിതികളെ മറികടക്കാനും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും കുട്ടികൾ ആവേശത്തോടെ രംഗത്തു വന്നു. വീൽ ചെയറിലിരുന്നു കൊണ്ടും പരസ്സഹായത്തോടെ വേദിയിലെത്തിയും അവർ ആടുകയും പാടുകയും ചെയ്തത് അത്യപൂർവ്വ കാഴ്ചയായി. വീൽ ചെയറിലിരുന്നു കൊണ്ടുളള ഒപ്പനയും, കോൽക്കളിയും വിസ്മയം തീർക്കുന്നതായിരുന്നു. ആദ്യമായി പൊതു വേദിയിലെത്തിയ കുട്ടികളായിരുന്നു പരിപാടിയിൽ പങ്കെടുത്തവരിലേറെയും. വേദിയിൽ കുട്ടികൾ പരിപാടികളവതരിപ്പിക്കുമ്പോൾ രക്ഷിതാക്കളുടെ മനസ്സും കണ്ണും നിറയുകയായിരുന്നു.
രാവിലെയാരംഭിച്ച് വൈകിട്ട് 6 മണിക്ക് കലോത്സവം സമാപിക്കുമ്പോൾ ഒരമ്മ പറഞ്ഞതിങ്ങനെ: "വൈകല്യങ്ങളില്ലാത്ത ജന്മം ആരുടെയും മിടുക്കല്ല. ഭിന്നശേഷിക്കാരുടെ ജന്മം അവരുടെ തെറ്റുമല്ല. സ്നേഹത്തോടെ അവരെ ചേർത്ത് നിർത്തുക. കഴിയുന്ന സഹായങ്ങൾ ചെയ്യുക. എല്ലാറ്റിനുമുപരി അവരെ പരിഹസിക്കാതിരിക്കുക. ഞങ്ങളും നിങ്ങളുടെ കൂടെ ഉണ്ട് എന്ന് മാത്രം പറയുക."
സമാപന സമ്മേളനത്തിൽ കുട്ടികളെ ഒരുക്കിയ അധ്യാപകരേയും കഴിഞ്ഞ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ കുട്ടികളേയും മൊമൻറോ നൽകി ആദരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻഡ് എൻ പി ബാബു മുഖ്യാതിഥിയായിരുന്നു. പെരുവണ്ണാം മൂഴി പോലീസ് സബ് ഇൻസ്പെക്ടർ ബിജു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അരവിന്ദാക്ഷൻ, പി സി സന്തോഷ്, ഐ സി ഡി എസ് സൂപ്പർവൈസർ നീതു വർഗ്ഗീസ്, രക്ഷിതാക്കളുടെ പ്രതിനിധി അസീസ് കുമ്പളം, ബഡ്സ് സൂൾ ടീച്ചർ അഞ്ജലി ടി പി എന്നിവർ സംസാരിച്ചു. മുഴുവൻ കുട്ടികൾക്കും സമ്മാനക്കിറ്റുകളും മൊമൻറോയും നൽകി.